ന്യൂഡല്‍ഹി: 2019 നവംബര്‍ ഒമ്പതിനാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ച് അയോദ്ധ്യയിലെ ബാബരി മസ്ജിദ് നില നിന്നിരുന്ന ഭൂമി രാമക്ഷേത്രത്തിനായി വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്. ഉടമസ്ഥ തര്‍ക്കം നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി ഹിന്ദു കക്ഷികള്‍ക്ക് വിട്ടു കൊടുത്തതോട് ഒപ്പം, ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ വിധിയില്‍ തന്നെ അയോദ്ധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം പകരം നല്‍കണമെന്നും ഇതിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
കോടതി വിധിക്ക് പിന്നാലെ, സര്‍ക്കാര്‍ ഒത്താശയോടെ തന്നെ ക്ഷേത്രത്തിനായി രാമക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് രൂപീകരിക്കുകയും ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം നടത്തുകയും ചെയ്തു. ക്ഷേത്രത്തിന്റെ സ്ഥിതി ഇങ്ങനെയാണ് എങ്കില്‍ പള്ളിയുടെ സ്ഥിതി എന്താണ്?
കോടതി വിധി പ്രകാരം യു.പി സര്‍ക്കാര്‍ അയോദ്ധ്യയ്ക്ക് പുറത്ത് സുന്നിവഖഫ് ബോര്‍ഡിന്റെ പേരില്‍ അഞ്ചേക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്. പഴയ ബാബരി മസ്ജിദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ദാനിപൂര്‍ ഗ്രാമത്തിലാണ് ഈ സ്ഥലം. അയോദ്ധ്യ ജില്ലാ മജിസ്ട്രേറ്റ് അനൂജ് കുമാര്‍ ഝാ ഈയിടെ ഭൂമിയുടെ രേഖകള്‍ മസ്ജിദ് നിര്‍മാണത്തിനായി രൂപീകരിച്ച സര്‍ക്കാര്‍ ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് കൈമാറിയിട്ടുണ്ട്.
ട്രസ്റ്റ് രൂപീകൃതമായെങ്കിലും പൂര്‍ണാര്‍ത്ഥത്തില്‍ ഇതുവരെ സമിതി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. 10-12 ദിവസത്തിനകം ട്രസ്റ്റ് ജോലി തുടങ്ങുമെന്ന് ഒരു സമിതി അംഗം എന്‍.ഡി.ടി.വിയോട് പറഞ്ഞു. ‘ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ചട്ടപ്രകാരം പാന്‍കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ട്. പേരിനും അപേക്ഷ നല്കി. അത് കിട്ടാനായി കാത്തിരിക്കുകയാണ്. അതിനു ശേഷം ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്ന് ട്രസ്റ്റിന്റെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കും’ – ഫൗണ്ടേഷന് സെക്രട്ടറി അത്താര്‍ ഹുസൈന് പറഞ്ഞു.
്അഞ്ചേക്കര് സ്ഥലത്ത് പള്ളി, റിസര്‍ച്ച് സെന്റര്‍, ലൈബ്രറി, ആശുപത്രി, കമ്മ്യൂണിറ്റി കിച്ചന് എന്നിവ സ്ഥാപിക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ട്രസ്റ്റില്‍ 15 പേര്‍ക്കാണ് ഇടമുള്ളത്. ഇതില്‍ ഒമ്പത് പേരുടെ പേരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ളവയില്‍ തീരുമാനമായിട്ടില്ല.