അയോദ്ധ്യയിലെ രാമക്ഷേത്രം; സംഭാവനകള്‍ക്ക് പ്രത്യേക നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം വഹിക്കുന്ന ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിലേക്കുള്ള സംഭാവനകള്‍ക്ക് പ്രത്യേക നികുതിയിളവു നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ ആദായ നികുതി നിയമത്തിലെ 80ജി വകുപ്പ് പ്രകാരമാണ് ഇളവ് ലഭിക്കുന്നത് എന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

‘ചരിത്രപരമായ പ്രധാന്യമുള്ള ഒരു ആരാധനാലയം’ ആയതു കൊണ്ടാണ് നികുതിയിളവ് നല്‍കുന്നത് എന്നാണ് വിജ്ഞാപനത്തിലുള്ളത്. അമ്പത് ശതമാനം വരെയാണ് നികുതിയിളവ്.

നേരത്തെ, ചെന്നൈ മൈലാപൂരിലെ അരുള്‍മിഗു കപലീശ്വരര്‍ തിരുക്കൊയില്‍, ചെന്നൈ കൊട്ടിവാക്കത്തെ ശ്രീ ശ്രീനിവാസ പെരുമാള്‍ ടെംപ്ള്‍, മഹാരാഷ്ട്രയിലെ രാംദാസ് സ്വാമി സമാധി ടെംപ്ള്‍, അമൃത്സറിലെ ഗുരുദ്വാര ശ്രീ ഹര്‍മന്ദിര്‍ സാഹിബ് തുടങ്ങിയ ആരാധനാലയങ്ങളിലെ ട്രസ്റ്റുകള്‍ക്ക് 80ജി പ്രകാരമുള്ള നികുതിയിളവ് ലഭിച്ചിട്ടുണ്ട്.

2019 നവംബര്‍ ഒമ്പതിനാണ് ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയത്. അതിന് മൂന്നു മാസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി അഞ്ചിനാണ് സര്‍ക്കാര്‍ 15 അംഗ ട്രസ്റ്റിന് രൂപം നല്‍കിയത്.