പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍: ട്രംപിന്റെ പ്രചരണ വിഭാഗം തലവനെതിരെ കുറ്റം ചുമത്തി

വാഷിങ്ടണ്‍: 2016-ലെ യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ അന്വേഷിക്കുന്ന എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായിരുന്ന പൗള്‍ മാനഫോര്‍ട്ടിനെതിരെ കുറ്റം ചുമത്തി. അമേരിക്കക്കെതിരെ ഗൂഢാലോചന നടത്തി, സാമ്പത്തിക തിരിമറി നടത്തി തുടങ്ങിയവയാണ് മാനഫോര്‍ട്ടിനെതിരായ കുറ്റങ്ങള്‍. ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ തലവനായിരുന്ന മാനഫോര്‍ട്ടിനെയും ഇയാളുടെ സഹായി റിക്ക് ഗേറ്റ്‌സിനെയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു.

റഷ്യയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയും വഴിവിട്ട് പ്രവര്‍ത്തിക്കുകയും ചെയ്തു എന്നാണ് മാനഫോര്‍ട്ടിനും ഗേറ്റ്‌സിനുമെതിരായ കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റം നിഷേധിച്ച് ഇരുവരും വാഷിങ്ടണിലെ ഫെഡറള്‍ കോടതിയെ സമീപിച്ചു. 68-കാരനായ മാനഫോര്‍ട്ടിന്റെ മുന്‍ ബിസിനസ് പങ്കാളിയായും ട്രംപിന്റെ പ്രചരണ വിഭാഗം ഉപതലവനുമായിരുന്നു റിക്ക് ഗേറ്റ്‌സ്.

കുറ്റം തെളിയുകയാണെങ്കില്‍ മാനഫോര്‍ട്ട് 80-ഉം ഗേറ്റ്‌സ് 70-ഉം വര്‍ഷം ജയിലില്‍ കിടക്കുകയും കോടിക്കണക്കിന് ഡോളര്‍ പിഴയടക്കുകയും ചെയ്യേണ്ടി വരും.

പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണയിക്കുന്നതില്‍ റഷ്യ ഇടപെട്ടു എന്ന ആരോപണത്തിലുള്ള അന്വേഷണത്തില്‍ ആദ്യമായാണ് കുറ്റം ചുമത്തുന്നത്.