ബാറുകള്‍ തുറയ്ക്കാമെങ്കില്‍ ചര്‍ച്ചുകളും തുറക്കാം; യു.എസില്‍ മതവികാരം കളിച്ച് ട്രംപ്

വാഷിങ്ടണില്‍: ചര്‍ച്ചുകളും മറ്റു ആരാധനാലയങ്ങളും അവശ്യ ഇടങ്ങളാണെന്നും ലോക്ക്ഡൗണിനിടെ അവ ഉടന്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിസവം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്.

‘ചില ഗവര്‍ണര്‍മാര്‍ മദ്യഷോപ്പുകളും ഗര്‍ഭഛിദ്ര ക്ലിനിക്കുകളും അവശ്യമാണെന്നു കരുതുന്നു. എന്നാല്‍ ചര്‍ച്ചുകളെയും മറ്റു ആരാധനാലയങ്ങളെയും അതില്‍ നിന്ന് ഒഴിവാക്കുന്നു. ഇത് ശരിയല്ല. ഈ അനീതി ഞാന്‍ തിരുത്തുകയാണ്. ആരാധനാലയങ്ങള്‍ തുറക്കാന്‍ ആവശ്യപ്പെടുന്നു’ – ട്രംപ് പറഞ്ഞു. ഗവര്‍ണര്‍മാര്‍ അതു ചെയ്തില്ലെങ്കില്‍ അവരെ മറികടന്ന് ഉത്തരവ് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി. ‘അമേരിക്കയില്‍ കൂടുതല്‍ പ്രാര്‍ത്ഥന വേണം, കുറച്ചല്ല’- ട്രംപ് കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ 90 ശതമാനം ആരാധനാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സംഘം ചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ നല്‍കിയിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാഷ്ട്രമായ യു.എസില്‍ ഒരു ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. പതിനഞ്ചു ലക്ഷത്തിലേറെ പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ട്രംപിന്റേത് മതം ഉപയോഗിച്ചുള്ള കളിയാണ് എന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. വ്യക്തിജീവിതത്തില്‍ മതത്തിന് തീരെ പ്രധാന്യം നല്‍കാത്ത ട്രംപ് അപൂര്‍വ്വമായി മാത്രമാണ് ചര്‍ച്ചുകളിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുള്ളത്. ക്രിസ്ത്യന്‍ മത വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ഗര്‍ഭഛിദ്ര അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നയാള്‍ കൂടിയാണ് യു.എസ് പ്രസിഡണ്ട്.

കോവിഡിനെ നേരിടുന്നതില്‍ പ്രസിഡണ്ട് പരാജയപ്പെട്ടു എന്ന വ്യാപക വിമര്‍ശങ്ങള്‍ക്കിടെയാണ് ചര്‍ച്ച് തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. സാംസ്‌കാരിക രാഷ്ട്രീയ യുദ്ധം എന്നാണ് ട്രംപിന്റെ ഈയാവശ്യത്തെ യു.എസ് മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ചര്‍ച്ച് തുറക്കണമെന്ന് ആവശ്യപ്പെട്ട് യു.എസിലെ ചിലയിടങ്ങളില്‍ സമരങ്ങള്‍ നടക്കുന്നുണ്ട്. ഇവയെ രാഷ്ട്രീയമായി ഉപയോഗിക്കാം എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.

SHARE