ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും; മുന്നറിയിപ്പുമായി മുതിര്‍ന്ന സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ മുന്നറിയിപ്പുമായി മുതിര്‍ന്ന സെനറ്റര്‍മാര്‍. പൗരാവകാശങ്ങളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയും ന്യൂനപക്ഷ വിവേചനത്തിലൂടെ വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്യുന്ന ഇന്ത്യയിലെ ഭരണകൂടവുമായുള്ള ബന്ധം ഗുരുതര പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്ന് കാണിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോക്കാണ് നാല് മുതിര്‍ന്ന സെനറ്റര്‍മാര്‍ കത്തു നല്‍കിയത്.

ഈ മാസം 24ന് ട്രംപും ഭാര്യ മിലേനിയ ട്രംപും ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സെനറ്റര്‍മാരുടെ ഇടപെടല്‍. ഇന്ത്യയിലെത്തുന്ന ട്രംപ് ഔദ്യോഗിക പരിപാടികള്‍ക്കു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അദ്ദേഹത്തിന്റെ ജന്മദേശമായ അഹമ്മദാബാദില്‍ ഒരുക്കുന്ന ഗ്രാന്റ് ഈവന്റിലും പങ്കെടുക്കുന്നുണ്ട്. ജനധിപത്യ കശാപ്പിലൂടെ വിവാദങ്ങളില്‍ ഇടംപിടിച്ച മോദി ഭരണകൂടവുമായുള്ള സൗഹൃദം യു.എസിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് സെനറ്റര്‍മാരുടെ മുന്നറിയിപ്പ്. ആറു മാസത്തിലധികമായി ജമ്മുകശ്മീരില്‍ തുടരുന്ന നിയന്ത്രണങ്ങളും പൗരത്വ ഭേദഗതി നിയമവും ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേയും ഡമോക്രാറ്റിക് പാര്‍ട്ടിയിലേയും മുതിര്‍ന്ന രണ്ടുവീതം സെനറ്റര്‍മാര്‍ മൈക്ക് പോംപിയോക്ക് കത്തു നല്‍കിയത്.

യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും

ആറു മാസത്തിലധികമായി ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വിഛേദിച്ചിരിക്കുകയാണ്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ജനങ്ങളെ തടങ്കലില്‍ വെച്ചിരിക്കുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ലക്കും മെഹ്ബൂബ മുഫ്തിക്കുമെതിരെ പൊതു സുരക്ഷാ നിയമം ചുമത്തി അനിശ്ചിതകാലത്തേക്ക് തടവില്‍ വെക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. കശ്മീര്‍ താഴ്‌വരയിലെ ഏഴു ദശലക്ഷം മനുഷ്യര്‍ക്ക് ജനാധിപത്യ അവകാശങ്ങളും ആരോഗ്യ, വിദ്യാഭ്യാസ, വ്യാപാര സാഹചര്യങ്ങളും നിഷേധിക്കുന്നുവെന്നത് അതീവ ഗൗരവതരമാണെന്നും ഇത്തരം സാഹചര്യത്തില്‍ യു. എസ് പ്രസിഡണ്ട് നടത്തുന്ന സന്ദര്‍ശനവും വിരുന്നും രാജ്യാന്തര വേദികളില്‍ യു.എസിന്റെ പ്രതിഛായ തകര്‍ക്കുമെന്നും കത്തില്‍ പറയുന്നു. കത്തെഴുതിയ നാലു സെനറ്റര്‍മാരില്‍ ഒരാള്‍ ട്രംപുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ലിന്‍ഡ്‌സെ ഗ്രഹാം ആണ് എന്നതും ശ്രദ്ധേയമാണ്.

വിവാദമായ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിലൂടെ പ്രത്യേക മത ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി ഇന്ത്യാ ഗവണ്‍മെന്റ് അതിന്റെ മതേതര പ്രതിഛായ തകര്‍ക്കുകയാണെന്ന് കത്തില്‍ ആരോപിക്കുന്നു. വസ്തുതകളെ വിശകലനം ചെയ്ത് യു.എസ് പ്രസിഡണ്ടിന്റെ സന്ദര്‍ശന തീരുമാനത്തില്‍ ഉചിതമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. കശ്മീര്‍ വിഷയത്തിലും പൗരത്വ വിഷയത്തിലും യു.എസ് ഭരണകൂടം നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.