ഭയപ്പെട്ടു തുടങ്ങി; പൊതുവേദിയില്‍ ആദ്യമായി മാസ്‌ക് ധരിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: മാസ്‌ക് ധരിക്കില്ലെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡണ്ട് ഒടുവില്‍ കോവിഡ് മഹാമാരിക്കു മുമ്പില്‍ കീഴടങ്ങി. ട്രംപ് ആദ്യമായി പൊതുപരിപാടിയില്‍ മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച മാരിലാന്‍ഡിലെ സൈനിക ആശുപത്രി സന്ദര്‍ശനത്തിനിടെയാണ് ട്രംപ് മാസ്‌ക് ധരിച്ചത്.

വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്ററിലായിരുന്നു യു.എസ് പ്രസിഡണ്ടിന്റെ സന്ദര്‍ശനം. വൈറ്റ് ഹൗസില്‍ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ, ‘നിങ്ങള്‍ ആശുപത്രിയിലാണ് എങ്കില്‍ വിശേഷിച്ച്, ഒരു മാസ്‌ക് ധരിക്കുന്നത് നല്ല കാര്യമാണ്’ എന്ന് ട്രംപ് മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തു.

കോവിഡ് യു.എസിനെ കീഴടക്കിയ വേളയിലും ട്രംപ് മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ ഒന്നും ട്രംപ് മാസ്‌ക് ധരിച്ചിരുന്നില്ല. യു.എസില്‍ ഇതുവരെ 32 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 1,34,000 പേര്‍ മരിക്കുകയും ചെയ്തു.

നേരത്തെ, മിഷിഗനിലെ ഫോര്‍ഡ് പ്ലാന്റില്‍ സ്വകാര്യ സന്ദര്‍ശനം നടത്തവെ ട്രംപ് മാസ്‌ക് ഉപയോഗിച്ചിരുന്നു. സ്‌റ്റേറ്റിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രസിഡണ്ട് മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിതനായിരുന്നത്.