ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി യു.എസ് പ്രസിഡണ്ടിന്റെ ബിസിനസ് സാമ്രാജ്യത്തിന് മേല്‍ ഗുരുതരമായ ആഘാത ഏല്‍പ്പിക്കുന്നുവെന്ന് ഫോബ്സ്. ഒരു മാസത്തിനിടെ ട്രംപിന്റെ ആസ്തിയില്‍ നൂറു കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. (ഏകദേശം 76,29 കോടി ഇന്ത്യന്‍ രൂപ).
ഒരു മാസം മുമ്പ് 13.1 ബില്യണ്‍ ഡോളറായിരുന്നു ട്രംപിന്റെ ആസ്തിയെങ്കില്‍ ഇപ്പോള്‍ അത് 2.1 ബില്യണാണ്.
കമ്പനികളുടെ മൂല്യമിടിയുന്നു
റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍, റിസോര്‍ട്ട്, ഗോള്‍ഫ് ക്ലബ് തുടങ്ങിയ വന്‍ ബിസിനസ് ശൃംഖലയുടെ ഉടമയാണ് ട്രംപ്. ഇതില്‍ മിക്ക കമ്പനികളുടെയും ഓഹരികള്‍ തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഉദാഹരണത്തിന് ബോസ്റ്റണ്‍ പ്രോപ്പര്‍ട്ടീസ് ആന്‍ഡ് വൊര്നാഡോ റിയാലിറ്റി ട്രസ്റ്റ് എന്ന കമ്പനിയുടെ ഓഹരി മാര്‍ച്ച് ഒന്നു മുതല്‍ 18 വരെ 37 ശതമാനമാണ് ഇടിഞ്ഞത്. മറ്റെല്ലാ ബിസിനസുകളിലും സമാനമായ തകര്‍ച്ചയുണ്ടായി.
ട്രംപ് സാമ്രാജ്യത്തിന്റെ പ്രധാന ആസ്തിയായ കമേഴ്സ്യല്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാര മേഖലയില്‍ കോവിഡ് വരുന്നതിന് മുമ്പ് 1.9 ബില്യണ്‍ ഡോളറായിരുന്നു ട്രംപിന്റെ ആസ്തി. മാര്‍ച്ച് 18ന് (കോവിഡ് വന്ന ശേഷം) ഇത് 1.2 ബില്യണ്‍ ഡോളറായി ചുരുങ്ങി.

ഹോട്ടല്‍ മുറികള്‍ കാലി
2,200ലേറെ മുറികളുള്ള ട്രംപിന്റെ യു.എസ്, കാനേഡിയന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെല്ലാം കാലിയായിക്കഴിഞ്ഞു എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എസിലെ ഗോള്‍ഫ് കോഴ്സിലും ഇപ്പോള്‍ ആളില്ല. ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള മാറ ലാഗോ ക്ലബ് ആളില്ലാത്തതിനെ തുടര്‍ന്ന് അടച്ചു പൂട്ടി. ട്രംപിന്റെ ഏഴില്‍ ആറ് ക്ലബ്-ഹോട്ടലുകള്‍ പൂട്ടിയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ലാസ് വെഗാസ്, ഡോറല്‍, ഫ്ളാ, ഐര്‍ലന്‍ഡ്, സ്കോട്ലാന്ഡ് എന്നിവിടങ്ങളിലെ ഹോട്ടലുകളാണ് പൂട്ടിയത്. ഫ്ളോറിഡയ്ക്ക് പുറമേ, ബെഡ്മിന്‍സ്റ്ററിലെ ഗോള്‍ഫ് ക്ലബും അടച്ചിട്ടുണ്ട്.
ലോകത്തുടനീളം വന്‍ ഹോട്ടല്‍ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമസ്ഥനാണ് ഡൊണാള്‍ഡ് ട്രംപ്.