ഇംപീച്ച്‌മെന്റ്; ട്രംപിന്റെ പ്രതികാര നടപടിയോട് പ്രതികരിച്ച് കേണല്‍ വിന്‍ഡ്മാന്‍

വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റില്‍നിന്ന് രക്ഷപ്പെട്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എതിരാളികള്‍ക്കെതിരെ തുടങ്ങിയ പ്രതികാര നടപടിയോട് പ്രതികരിച്ച് വിന്‍ഡ്മാന്റെ അഭിഭാഷകന്‍. പ്രസിഡന്റിനെ സെനറ്റ് കുറ്റവിമുക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിനെതിരെ മൊഴി നല്‍കിയ ലഫ്റ്റനന്റ് കേണല്‍ അലക്‌സാണ്ടര്‍ വിന്‍ഡ്മാനെയും, യൂറോപ്യന്‍ യൂണിയനിലെ അംബാസഡറായിരുന്ന ഗോര്‍ഡന്‍ സോണ്ട് ലാന്‍ഡിനെയും യുഎസ്് ഭരണകൂടം പുറത്താക്കിയത്. ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി യു.എസ് കോണ്‍ഗ്രസിന്റെ പരസ്യ തെളിവെടുപ്പില്‍ ഇരുവരും ട്രംപിനെതിരെ മൊഴിനല്‍കിയിരുന്നു. യു.എസ് കോണ്‍ഗ്രസിന്റെ അന്വേഷണവുമായി സഹകരിക്കരുതെന്ന ട്രംപിന്റെ നിര്‍ദേശം മറികടന്നാണ് സോണ്ട്‌ലാന്‍ഡും വിന്ഡ്മാനും പ്രസിഡന്റിനെതിരെ മൊഴി നല്‍കിയത്.

വിന്‍ഡ്മാന്‍ വളരെ ധിക്കാരിയാണെന്നും, താന്‍ കുറ്റമറ്റ രീതിയില്‍ നടത്തിയ ഫോണ്‍ കോളുകളുടെ ഉള്ളടക്കങ്ങള്‍ തെറ്റായും ഭയാനകരമായും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്‌തെന്നും ട്രംപ് ശ്‌നിയാഴ്ച കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം ട്രംപിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും പ്രസിഡന്റ് ഭയപ്പെടുത്തുകയാണെന്നും ലഫ്റ്റനന്റ് കേണല്‍ അലക്‌സാണ്ടര്‍ വിന്‍ഡ്മാന്റെ അഭിഭാഷകന്‍ ഡേവിഡ് പ്രസ്മാന്‍ പറഞ്ഞു. പ്രസിഡന്റിന്റെ പ്രതികാര നടപടിയാണ് ഇതെന്നും ദേശീയ സുക്ഷാസമിതിയിലെ മുതിര്‍ന്ന ഉദ്യോഗസഥനായ വിന്‍ഡ്മാന്റെ അഭിഭാഷകന്‍ ആരോപിച്ചു.

ലെഫ്റ്റനന്റ് കേണല്‍ വിന്‍ഡ്മാനെക്കുറിച്ച് പ്രസിഡന്റ് തെറ്റായ പ്രസ്താവനകളാണ് നടത്തുന്നത്. വ്യക്തമായ തെളിവുകളോടെയാണ് വിന്‍ഡ്മാന്‍ പ്രസിഡന്റിനെതിരെ മൊഴി നല്‍കിയത്. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ ആളുടെ ഭീഷണിപ്പെടുത്തലിനു മുന്നില്‍, പല രാഷ്ട്രീയക്കാരും തെറ്റുകള്‍ തുറന്നുപറയാതെ നിശബ്ദത പാലിക്കുകയാണെന്നും, പ്രസ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈ 25ന് രാഷ്ട്രീയ എതിരാളിയായ ജോ ബിഡനെതിരെ കള്ളക്കേസെടുത്ത് അന്വേഷണം നടത്താന്‍ ഉക്രൈന്‍ പ്രസിഡന്റ് വഌദ്മിര്‍ സെലന്‍സ്‌കിയോട് ട്രംപ് ആവശ്യപ്പെട്ടതിനെക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയാണ് വിന്‍ഡ്മാന്‍. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ യൂറോപ്യന്‍ കാര്യ വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു വിന്‍ഡ്മാന്‍. ദേശീയ സുരക്ഷ സമിതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്ന വിന്‍ഡ്മാനെ സൈന്യത്തിലേക്ക് തിരികെ അയക്കുകയും ചെയ്തിട്ടുണ്ട്. ഉക്രൈന്‍ പ്രസിഡന്റിനെ ട്രംപ് സമ്മര്‍ദ്ദത്തിലാക്കുകയും സൈനിക സഹായം തടഞ്ഞുവെക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സോണ്ട്‌ലാന്‍ഡ് നേരിട്ട് സാക്ഷിയാണ്.

സഭാ ഇംപീച്ച്‌മെന്റ് ഹിയറിംഗിനിടെ, ‘യു.എസ് ഉെ്രെകന് പ്രഖ്യാപിച്ച സൈനിക സഹായം നല്‍കണമെങ്കില്‍ പകരം മറ്റൊരു കാര്യം ചെയ്തുതരണമെന്ന് ട്രംപ് സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടിരുന്നോ’ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിയിരുന്നു സോണ്ട്‌ലാന്‍ഡിന്റെ മറുപടി.
ട്രംപിന്റെ സ്വകാര്യ അഭിഭാഷകനായ റൂഡി ജിയൂലിയാനിയുമായി ഉക്രേനിയന്‍ നയത്തെക്കുറിച്ച് പ്രസിഡന്റിന്റെ വ്യക്തമായ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.
യൂറോപ്യന്‍ യൂണിയനിലെ അമേരിക്കന്‍ അംബാസഡര്‍ സ്ഥാനത്തുനിന്നും തന്നെ തിരികെ വിളിക്കാന്‍ പ്രസിഡന്റിന് പദ്ധതിയുള്ളതായി സോണ്ട്‌ലാന്‍ഡ് പ്രതികരിച്ചു. ഇത്ര കാലം രാജ്യത്തിനുവേണ്ടി സേവനമുനുഷ്ഠിക്കാന്‍ അവസരം തന്നതിന് നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു.

ലഫ്റ്റനന്റ് കേണല്‍ വിന്‍ഡ്മാന്‍ മിലിട്ടറിയില്‍ സജീവമായി തന്റെ ഡ്യൂട്ടി തുടര്‍ന്ന് രാജ്യത്തേക്ക് സേവനം ചെയ്യുമെന്ന് പ്രസ്മാനം അറിയിച്ചു.