തെറ്റ് തെറ്റുതന്നെയാണ്, അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും; ചൈനക്ക് മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മഹാമാരിയായി മാറിയതില്‍ ചൈനക്ക് ”അറിഞ്ഞുകൊണ്ട് ഉത്തരവാദിത്തമുണ്ടെങ്കില്‍” അതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. കോവിഡ് -19 ല്‍ നിന്നുള്ള മരണങ്ങള്‍ യൂറോപ്പില്‍ ഒരു ലക്ഷത്തിലേക്കും അമേരിക്കയില്‍ മാത്രം നാല്‍പതിനായിരത്തിലേക്കും അടുക്കുമ്പോളാണ് ട്രംപ് വീണ്ടും ചൈനക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

”മഹാമാരി പടരുന്നതിന് മുമ്പ് ചൈനയില്‍ തന്നെ രോഗത്തെ നിര്‍ത്താന്‍ കഴിയുമായിരുന്നു, എന്നാല്‍ അങ്ങനെ അല്ല ഉണ്ടായത്, ഇപ്പോള്‍ ലോകം മുഴുവന്‍ ദുരിതമനുഭവിക്കുകയാണ്,” ട്രംപ് തന്റെ ദൈനംദിന വൈറ്റ് ഹൗസ് ബ്രീഫിംഗില്‍ പറഞ്ഞു.

”അത് ഒരു തെറ്റാണെങ്കില്‍, ആ തെറ്റ് ഒരു തെറ്റ്തന്നെയാണ്. അവര്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദിത്തമുള്ളവരാണെങ്കില്‍, അവര്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. അതെ, ഞാന്‍ ഉദ്ദേശിക്കുന്നത് അതുണ്ടാകുമെന്ന് തന്നെയാണ്, അറിഞ്ഞുകൊണ്ടും അല്ലാത്തതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്, ”ട്രംപ് പറഞ്ഞു. എന്നാല്‍ അനന്തരഫലങ്ങള്‍ ഏത് രൂപത്തിലാകുമെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല.

കൊറോണ വൈറസ് വ്യാപനം മൂലമുള്ള ചൈനയിലെ മരണനിരക്കിലും ഡൊണാള്‍ഡ് ട്രംപ് സംശയം പ്രകടിപ്പിച്ച്. ചൈനയിലെ മരണ നിരക്ക് അമേരിക്കയിലേതിനേക്കാള്‍ ഏറെ കൂടുതലായിരിക്കും എന്നാണ് ട്രംപിന്റെ അവകാശ വാദം. വുഹാനില്‍ മരണ നിരക്ക് ഒറ്റ ദിവസം കൊണ്ട് 50% കണ്ട് വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ പ്രതികരണം. 1300 മരണങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തതോടെ ചൈനയിലെ മരണനിരക്ക് 4600 കടന്നിരുന്നു.

‘ഞങ്ങളല്ല മരണങ്ങളുടെ കണക്കില്‍ നമ്പര്‍ വണ്‍. ചൈനയാണ് നമ്പര്‍ വണ്‍.അത് നിങ്ങള്‍ മനസ്സിലാക്കൂ’. ശനിയാഴ്ച നടന്ന വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. മരണത്തിന്റെ കാര്യത്തില്‍ അവര്‍ ഞങ്ങളേക്കാള്‍ എത്രയോ മുന്നിലാണെന്നും അവരുടെ കണക്കുകള്‍ യാഥാര്‍ഥ്യബോധമില്ലാത്തതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
യുഎസില്‍ കോവിഡ് കേസുകള്‍ 738,000 ല്‍ എത്തി, രാജ്യത്ത് മരണങ്ങള്‍ 39,035 ആയി.

അതേസമയം, കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും മരണപ്പെട്ടവരുടെ എണ്ണവും തിട്ടപ്പെടുത്തുക എന്നത് പകര്‍ച്ചവ്യാധികാലഘട്ടത്തില്‍ വലിയൊരു വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘട വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമായിക്കഴിഞ്ഞാല്‍ ഒട്ടേറെ രാജ്യങ്ങള്‍ ചൈന ചെയ്തതു പോലെ തങ്ങളുടെ കോവിഡ് മരണ കണക്കുകളില്‍ തിരുത്തല്‍ വരുത്തേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. നിലവില്‍ തന്നെ യുകെ, ഫ്രാന്‍സ്, ബല്‍ജിയം, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ മരണ നിരക്ക് വളരെ കൂടുതലാണ്.