ട്രംപും വൈറ്റ്ഹൗസും മോദിയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു


ന്യൂയോര്‍ക്ക്: ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അണ്‍ഫോളോ ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ്ഹൗസും. ഇരുവരും തമ്മില്‍ ഗാഢമായ സൗഹൃദമാണെന്ന പ്രചാരണം ശക്തിപ്പെട്ടു വരുമ്പോഴാണ് മോദിയെ ട്രംപും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയും അണ്‍ഫോളോ ചെയ്തത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് പുറമെ മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു. മോദിക്ക് പുറമെ രാഷ്ട്രപതിയുടെ ഔദ്യോഗിക പേജും ഇന്ത്യയിലെ അമേരിക്കന്‍ എംബസിയേയും, അമേരിക്കയിലെ ഇന്ത്യന്‍ എംബസിയെയും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു ഈ അക്കൗണ്ടുകളെയും ഇപ്പോള്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നതായാണ് കാണുന്നത്.

ഇപ്പോള്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ല്‍ നിന്ന് 13 ആയി കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 12 നാണ് മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് ചികിത്സയ്ക്കായുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കണമെന്ന ട്രംപിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യ കയറ്റുമതി നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് മോദിയെ ഫോളോ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. അണ്‍ഫോളോ ചെയ്തത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണവും വന്നിട്ടില്ല.