പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ട്രംപിന്റെ ട്വീറ്റ്; ട്വീറ്റ് മായ്ച്ചുകളഞ്ഞ് ട്വിറ്റര്‍


ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിക്കുന്ന വരെ വെടിവെക്കണമെന്ന ട്രംപിന്റെ ട്വീറ്റ് മായച്ച് കളഞ്ഞ് ട്വിറ്റര്‍. ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റിനു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേ സമയം ട്വീറ്റിന്റെ സ്ഥാനത്ത് മുന്നറിയിപ്പുണ്ടെങ്കിലും ട്വീറ്റില്‍ ക്ലിക്ക് ചെയ്താല്‍ ട്രംപിന്റെ ട്വീറ്റ് വായിക്കാനാവും. ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തില്‍ അമേരിക്കയിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ട്രംപ് ഇട്ട ട്വീറ്റ് ഇതിനകം വിവാദമായിരിക്കുകയാണ്.

‘ഈ കൊള്ളക്കാര്‍ ജോര്‍ജ് ഫ്ളോയിഡിന്റെ ഓര്‍മകളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇത് ഞാന്‍ അനുവദിക്കില്ല. ടിം വാല്‍സിലെ ഗവര്‍ണറുമായി സംസാരിക്കുകയും അദ്ദേഹത്തിനൊപ്പം സൈന്യം ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയും നിയന്ത്രിക്കാമെന്നാണ് കരുതുന്നത്. എപ്പോള്‍ കൊള്ളയടി ആക്രമണം നടക്കുന്നോ അപ്പോള്‍ ഷൂട്ടിംഗ് നടക്കും,’ ട്രംപ് ട്വീറ്റ് ചെയ്തു.

ജോര്‍ജ് ഫ്ളോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസിന്റെ അതിക്രമത്തെത്തുടര്‍ന്ന് മരിച്ച സംഭവത്തിന് പിന്നാലെയാണ് മിനിയാപൊളിസില്‍ പ്രതിഷേധം ഉടലെടുത്തത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷന്‍ തീയിട്ടുകത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്‌ളോയിഡിനെ അമേരിക്കന്‍ പൊലീസ് കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വസം മുട്ടിക്കുകയായിരുന്നു.

ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

SHARE