സിറിയയിലെ ഐ.എസിന്റെ ഉന്മൂലനം ഉര്‍ദുഗാന്‍ നിര്‍വഹിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: സിറിയയില്‍ അവശേഷിക്കുന്ന ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികളെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉന്മൂലനം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയുടെ അയല്‍രാജ്യമാണ് തുര്‍ക്കിയെന്നും ഐ.എസിനെ തുടച്ചുനീക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് ഉര്‍ദുഗാനെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. സിറിയയില്‍നിന്ന് യു.എസ് സേനയെ പിന്‍വലിക്കാന്‍ ഉത്തരവിട്ടതിനുശേഷമാണ് ഉര്‍ദുഗാന്റെ കാര്യക്ഷമതയെ ട്രംപ് പ്രകീര്‍ത്തിച്ചത്. ഐ.എസ് വിഷയവും സിറിയയില്‍നിന്നുള്ള യു.എസ് സൈനിക പിന്മാറ്റവും ഉര്‍ദുഗാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നിനെക്കുറിച്ചും തങ്ങള്‍ സംസാരിച്ചതായി ട്രംപ് വെളിപ്പെടുത്തി. സമീപ കാലത്ത് ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇടഞ്ഞതിനുശേഷം അമേരിക്കയും തുര്‍ക്കിയും ആദ്യമായാണ് വീണ്ടും അടുക്കുന്നത്.

ഇരുരാജ്യങ്ങളും നാറ്റോ അംഗങ്ങളാണ്. ട്രംപുമായുള്ള ഫോണ്‍ സംഭാഷണം ക്രിയാത്മകമായിരുന്നുവെന്ന് ഉര്‍ദുഗാനും വ്യക്തമാക്കി. വ്യാപാര ബന്ധങ്ങള്‍, സിറിയ തുടങ്ങിയ വിഷയങ്ങളില്‍ പരസ്പരം സഹകരം ശക്തമാക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി യു.എസ് സൈനിക വക്താവ് പറഞ്ഞു. ട്രംപിന്റെ അപ്രതീക്ഷിത തീരുമാനിത്തില്‍ പ്രതിഷേധിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചിരുന്നു. നയപരമായ കാര്യങ്ങളില്‍ പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്ന് മാറ്റിസ് വെളിപ്പെടുത്തിയിട്ടുണ്ട്.

2014ലാണ് യു.എസ് സേന സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്. ശേഷം ഐ.എസ് വിരുദ്ധ നീക്കത്തിന്റെ ഭാഗമായി സൈന്യത്തെ അയക്കുകയും ചെയ്തു. സിറിയയില്‍ കുര്‍ദിഷ് വിഘടനവാദികളുമായി യുദ്ധം ചെയ്യുന്ന തുര്‍ക്കിക്ക് ട്രംപിന്റെ പിന്തുണ ശക്തിപകരും. ഐ.എസുമായി പോരാടുന്ന കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്(എസ്.ഡി.എഫ്) അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നു. സൈനിക പിന്മാറ്റത്തോടെ എസ്.ഡി.എഫ് ഒറ്റപ്പെടും.