ആണവ കരാര്‍ പാലിച്ചില്ലെങ്കില്‍ ഖദ്ദാഫിയുടെ അനുഭവമുണ്ടാകും; കിം ജോങ് ഉന്നിന് ട്രംപിന്റെ ഭീഷണി

വാഷിങ്ടണ്‍: ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന് ഭീഷണിയുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ നിര്‍മാണം ഉപേക്ഷിച്ചില്ലെങ്കില്‍ ലിബിയയിലെ മുഅമ്മര്‍ അല്‍ ഖദ്ദാഫിക്കുണ്ടായ അനുഭവമായിരിക്കും കിം ജോങ് ഉന്നിനും ഉണ്ടാവുക എന്നാണ് ട്രംപിന്റെ ഭീഷണി. കരാറുമായി സഹകരിച്ചാല്‍ കിം ജോങ് ഉന്നിന് വലിയ ഗുണമുണ്ടാകുമെന്നും അദ്ദേഹത്തിന്റെ രാജ്യം സമ്പന്നമാകുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍-ദക്ഷിണ കൊറിയന്‍ സൈന്യങ്ങള്‍ നടത്തിയ സംയുക്ത സൈനികാഭ്യാസത്തെ തുടര്‍ന്നാണ് ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചത്. അമേരിക്കയുടേത് പ്രകോപനപരമായ നീക്കമാണെന്നും 28,500 യു.എസ് സൈന്യം ദക്ഷിണ കൊറിയയില്‍ ഉണ്ടായിരിക്കുമ്പോള്‍ തങ്ങളുടെ സുരക്ഷക്ക് ആണവായുധങ്ങള്‍ ആവശ്യമാണെന്നുമാണ് കിം ജോങ് ഉന്നിന്റെ നിലപാട്.

ഉത്തര കൊറിയയെ ചര്‍ച്ചയ്ക്ക് സമ്മതിപ്പിക്കുന്നതിനായി യു.എസ് ശ്രമം നടത്തുന്നതിനിടെയാണ് ഉത്തര കൊറിയയുടെ ഭീഷണി. സിംഗപ്പൂരില്‍ യു.എസ് – കൊറിയന്‍ പ്രതിനിധികള്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ച വിജയകരമായില്ലെങ്കില്‍ കിം ജോങ് ഉന്നിനെ സ്ഥാനഭ്രഷ്ടനാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

അമേരിക്കയുമായി ആണവ സഹകരണത്തിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് 2011-ല്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം ലിബിയയില്‍ അതിക്രമിച്ചു കയറുകയും ഖദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കി വധിക്കുകയും ചെയ്തിരുന്നു. ഇതേ അനുഭവം കിം ജോങ് ഉന്നിനും ഉണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി.