ഞാനാണ് ഏറ്റവും കഠിനാധ്വാനിയായ പ്രസിഡന്റെന്ന് ജനങ്ങള്‍ പറയുന്നു; ട്രംപ്


ഏറ്റവും കഠിനമായി അധ്വാനിക്കുന്ന പ്രസിഡന്റ് എന്നാണ് അമേരിക്കന്‍ ജനത തന്നെ വിളിക്കുന്നതെന്ന് ഡൊണള്‍ഡ് ട്രംപ്. ചരിത്രത്തിലുണ്ടായിരുന്ന നേതാക്കളേക്കാള്‍ അധികം പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് തന്നെ ജനങ്ങള്‍ കഠിനമായി അധ്വാനിക്കുന്ന പ്രസിഡന്റ് എന്ന് വിളിക്കുന്നതെന്നും ട്രംപ്. മാധ്യമങ്ങളും ട്രംപും തമ്മിലുള്ള വാഗ്വാദം മുറുകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.

‘എന്നെക്കുറിച്ചും അമേരിക്കയുടെ ചരിത്രത്തെ കുറിച്ചും നല്ല ധാരണയുള്ളവരാണ് ഏറ്റവും കഠിന പ്രയത്നം ചെയ്യുന്ന പ്രസിഡന്റ് ആണ് ഞാന്‍ എന്ന് പറയുന്നത്. കാര്യത്തെ കുറിച്ച് എനിക്ക് വലിയ ധാരണയില്ലെങ്കിലും കഠിനമായി അധ്വാനിക്കുന്ന ഒരാളായതിനാല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ മറ്റുള്ള രാഷ്ട്ര തലവന്മരേക്കാള്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്’. ട്രംപ് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇങ്ങനൊരു വാദം ഉന്നയിച്ചിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ക്കെതിരെയും മാധ്യമങ്ങളുടെ അധാര്‍മിക രീതികള്‍ക്കെതിരെയും നിയമ നടപടിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഒരുങ്ങുകയാണ്. രാവിലെ തൊട്ട് രാത്രി വരെ ഏറെ നേരം പ്രവര്‍ത്തിക്കാറുണ്ട്. വ്യാപാര കരാറുകള്‍, സൈനിക പുനഃസംഘടന എന്നീ കാര്യങ്ങള്‍ക്കായി ദീര്‍ഘകാലമായി വൈറ്റ് ഹൗസില്‍ തന്നെയാണ്. എന്നാലും മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ തന്നെക്കുറിച്ച് ചമയ്ക്കുന്നുവെന്നും ട്രംപ്.

നേരത്തെ കൊവിഡിനെതിരെ പ്രതിരോധിക്കാന്‍ അണുനാശിനി കുടിച്ചാല്‍ മതിയെന്നും അള്‍ട്രാ വയലറ്റ് രശ്മി പതിപ്പിച്ചാല്‍ മതിയെന്നും പറഞ്ഞതിന് ട്രംപ് വെട്ടിലായിരുന്നു. എന്നാല്‍ താനത് പരിഹാസ രൂപേണയാണ് പറഞ്ഞതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു. അമേരിക്കയില്‍ ചിലയിടങ്ങളില്‍ ആളുകള്‍ അപ്പോഴേക്കും അണുനാശിനി കുടിച്ചുവെന്ന വാര്‍ത്ത പുറത്തെത്തിയിരുന്നു. പോരാത്തതിന് കൊവിഡ് പ്രതിരോധ നടപടികള്‍ എടുക്കാന്‍ വൈകിയെന്ന് ആരോപിച്ച് മാധ്യമങ്ങളും ട്രംപിന്റെ പിന്നാലെയുണ്ട്.

SHARE