ഇറാന്‍ ആണവ കരാര്‍; കടുത്ത തീരുമാനങ്ങളുമായി ട്രംപ്

വാഷിങ്ടന്‍: ഇറാന്‍ ആണവ കരാറില്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 2015ല്‍ ലോക ശക്തികളും ഇറാനും തമ്മില്‍ ഒപ്പുവെച്ച ആണവ കരാര്‍ സാക്ഷ്യപ്പെടുത്തുന്നതില്‍ നിന്നും പിന്‍മാറാനാണ് ട്രംപിന്റെ നീക്കം. ഇറാന്റെ ആണവ പദ്ധതികള്‍ സൈനികേതര ആവശ്യങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് 2015ല്‍ ഇറാനും ലോക ശക്തികളും തമ്മിലാണ് ആണവ കരാര്‍ ഒപ്പുവെച്ചത്. കരാറില്‍ നിന്നും പിന്‍മാറാനുള്ള ട്രംപിന്റെ നീക്കത്തോടെ ഇറാനു മേല്‍ പുതിയ ഉപരോധം കൊണ്ടു വരാന്‍ അമേരിക്കക്ക് സാധിക്കും. അതേ സമയം ഏകപക്ഷീയമായി പുതിയ ഉപരോധങ്ങള്‍ കൊണ്ടു വരാനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ നീക്കം ഭാഗികമായോ, പൂര്‍ണമായോ കരാറില്‍ നിന്നും പിന്‍മാറാന്‍ കാരണമാകുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

ദേശീയ സുരക്ഷാ ഏജന്‍സികളുമായി ട്രംപ് ഇതുവരെ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അദ്ദേഹത്തിന്റെ പുതിയ തീരുമാനം. അമേരിക്കയുടെ ദേശീയ താത്പര്യത്തിന് ചേരുന്നതല്ലെന്നു കാണിച്ച് കരാറുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള ഉറപ്പുകളില്‍ നിന്ന് രാജ്യം പിന്മാറുമെന്നു നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. രണ്ടു തവണ ട്രംപ് കരാറിന് അനുകൂല സമീപനമാണെടുത്തത്. എന്നാല്‍ ഇത്തവണ ആ പ്രതീക്ഷ വേണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേ സമയം യുഎസിന്റെ വിശ്വാസ്യതയെ രാജ്യാന്തരതലത്തില്‍ ചോദ്യം ചെയ്യുന്നതാണ് ട്രംപിന്റെ പുതിയ നീക്കം.
മധ്യപൗരസ്ത്യ ദേശത്തെ ‘ഏകാധിപത്യം’ ഉറപ്പാക്കാന്‍ ഇറാന്‍ ശ്രമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കരാറില്‍ പുനര്‍വിചിന്തനം വേണമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ പറയുമ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളില്‍ മിക്കവരും കരാറിനെ തൊട്ടുകളിക്കേണ്ട എന്ന അഭിപ്രായക്കാരാണ്. കരാറില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങാതെ കരാറുമായി ബന്ധപ്പെട്ടു നല്‍കിയിട്ടുള്ള ഉറപ്പുകളില്‍ നിന്ന് പിന്മാറുകയെന്ന തന്ത്രപരമായ നീക്കമാണ് ട്രംപിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. ഇറാനു മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുഎസ് കോണ്‍ഗ്രസിന് 60 ദിവസത്തെ സമയം ലഭിക്കും.

യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ട കരാര്‍ പ്രകാരമാണ് ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ താന്‍ അധികാരത്തിലെത്തിയാല്‍ ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കുമെന്നാണ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് വ്യക്തമാക്കിയിരുന്നത്. അമേരിക്ക ഇന്നേവരെ ഇടപെട്ട ഏറ്റവും മോശം കരാര്‍ എന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. മധ്യപൗരസ്ത്യ ദേശത്തെ സ്ഥിതിഗതികള്‍ അസ്ഥിരപ്പെടുത്തുന്നതിനുള്ള ഇറാന്റെ നടപടികള്‍ തുടരുന്നതിനാലാണ് പ്രതിഷേധമെന്നാണ് ട്രംപ് പറയുന്നത്.

കരാറിന്റെ ‘ആത്മാവിനെ’ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് ഇറാന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ യാതൊരു നിയന്ത്രണവും ഇറാന്‍ കൊണ്ടുവരുന്നില്ലെന്നും, ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് പണവും ആയുധവും നല്‍കുന്നത് ഇറാന്‍ തുടരുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. അതേ സമയം യുഎസിന്റെ ഉപരോധ നീക്കത്തിനെതിരെ ഇറാനിലെ വിവിധ കക്ഷികള്‍ ഒറ്റക്കെട്ടായാണ് രംഗത്തു വന്നിരിക്കുന്നത്.

ആണവ കരാറിനു മേല്‍ ഉണ്ടാകുന്ന യുഎസിന്റെ ഏതു നടപടിയെയും ശക്തമായി നേരിടുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫും പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ അംഗീകരിക്കണമെന്ന് യുഎസിനോട് മറ്റ് രാജ്യങ്ങളും ശക്തമായി ആവശ്യപ്പെടുന്നു. ഇറാനെതിരെയുള്ള ഉപരോധത്തിലുള്ള ഇളവു കാരണം ഏറെ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളാണ് ട്രംപിനോട് നേരിട്ടു തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

സഖ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്നാണ് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ഉള്‍പ്പെടെ നേതാക്കള്‍ ആവശ്യപ്പെട്ടത്. കരാറിന് ഉലച്ചിലൊന്നും തട്ടില്ലെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. യുഎസ് പിന്മാറിയാല്‍ വിപരീത ഫലങ്ങളായിരിക്കും അതുണ്ടാക്കുകയെന്ന് റഷ്യയും മുന്നറിയിപ്പു നല്‍കുന്നു. ഇറാന്‍ വിഷയത്തില്‍ യൂറോപ്യന്‍ ശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് ജര്‍മനിയും പറയുന്നു. ആണവകരാര്‍ അനുസരിച്ചുതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇറാനും വ്യക്തമാക്കുന്നത്. ഇറാന്‍ സേനയായ റെവല്യൂഷനറി ഗാര്‍ഡിനെതിരെയും (ഐആര്‍ജിസി) ട്രംപിന്റെ നീക്കമുണ്ടാകുമെന്നാണ് സൂചന.

സേനയ്‌ക്കെതിരെ ഒക്ടോബര്‍ 31ഓടെ പൂര്‍ണമായും സാമ്പത്തിക ഉപരോധം നടപ്പാക്കാനാണ് ട്രംപിന്റെ നീക്കം. ഇറാന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഐആര്‍ജിസിക്കു മേല്‍ വരുന്ന സാമ്പത്തിക ഉപരോധം വന്‍ തിരിച്ചടിയായിരിക്കും. ഐആര്‍ജിസിയുടെ ചാരസംഘടനയായ ഖദ്‌സ് ഫോഴ്‌സിനെതിരെ നിലവില്‍ യുഎസ് ഉപരോധമുണ്ട്. ഇറാന്‍ ആണവ കരാറെന്ന പേരില്‍ ഒപ്പു വെച്ച ജെ.സി.പി.ഒ.എക്കെതിരെ ഒബാമ ഭരണ കൂടം പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും കടുത്ത വിമര്‍ശമാണ് നേരിടേണ്ടി വന്നത്.

ഇതോടൊപ്പം സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകളില്‍ നിന്നും അദ്ദേഹത്തിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് ഓരോ 90 ദിവസം കൂടുമ്പോഴും കരാറിന് പ്രസിഡന്റിന്റെ ഒപ്പ് വേണമെന്ന നിബന്ധനയോടെ പുതിയ നിയമവും പാസാക്കിയിരുന്നു. ഈ മാസം 15നാണ് ട്രംപ് കരാറില്‍ ഒപ്പുവെക്കേണ്ട അവസാന ദിവസം. ട്രംപ് ഒപ്പുവെക്കാന്‍ വിസമ്മതിച്ചാല്‍ പോലും കരാര്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യു.എസ് കോണ്‍ഗ്രസിന് 60 ദിവസത്തെ സമയം ലഭിക്കും.

SHARE