ന്യൂയോര്‍ക്ക്: യാതൊരു തെളിവുമില്ലാതെ കൊറോണ വൈറസ് ‘വാക്സിന് ഇല്ലാതെ പോകുമെന്ന് വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ പോകാന്‍ പോകുന്നു. കുറച്ച് സമയത്തിനുശേഷം നമ്മളിത് കാണില്ല ഇതൊരു വാക്സിനും ഇല്ലാതെ പോകുമെന്നും ട്രംപ് വാദിച്ചു. വാക്സിനുകള്‍ സൃഷ്ടിക്കുന്നതിനുമുമ്പ് ‘അപ്രത്യക്ഷമായ’ മറ്റ് വൈറസുകളെ ചൂണ്ടിക്കാട്ടിയാണ് പ്രത്യേകതകളൊന്നും പരാമര്‍ശിക്കാതെയുള്ള ട്രംപിന്റെ അവകാശ വാദം.
കോവിഡ് മരുന്നുകളെ സംബന്ധിച്ചും വാക്സിനുകളെ കുറിച്ചും നിരവധി പ്രസ്താവനകളാണ് ട്രംപ് ഇതിനകം നടത്തിയത്. ഈ വര്‍ഷം അവസാനത്തോടെ കോവിഡ് പ്രതിരോധ വാക്സിന് യുഎസിനു ലഭ്യമാകുമെന്നു കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. വര്‍ഷാവസാനത്തോടെ വാക്സിന് ലഭ്യമാക്കാമെന്നതില് പൂര്‍ണ ആത്മവിശ്വാസമുണ്ടെന്ന് വാഷിങ്ടന്‍ ഡിസിയിലെ ലിങ്കണ് സ്മാരകത്തില്‍ രാജ്യാന്തര മാധ്യമം സംഘടിപ്പിച്ച ടൗണ്‍ ഹാള്‍ ടെലിവിഷന്‍ പരിപാടിയില്‍ ട്രംപ് വ്യക്തമാക്കി.
കോവിഡ് പ്രതിരോധ വാക്സിന് വികസിപ്പിക്കുന്നതില്‍ മറ്റു രാജ്യങ്ങള്‍ യുഎസിനെ പരാജയപ്പെടുത്തിയാല്‍ സന്തോഷമേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഉപദേശകരെ മറികടന്നാണു വാക്സിന് ലഭ്യമാകുന്നതു സംബന്ധിച്ചു താന്‍ പ്രവചനം നടത്തിയതെന്ന് ട്രംപ് വ്യക്തമാക്കി. ‘താങ്കള്‍ അങ്ങനെ പറയരുതെന്ന് ഡോക്ടര്‍മാര്‍ പറയും. എന്നാല്‍ എനിക്ക് ശരിയെന്നു തോന്നുന്നത് ഞാന്‍ പറയും’- ട്രംപ് പറഞ്ഞു. കോവിഡ് പ്രതിരോധ വാക്സിന് ലഭ്യമാക്കാന്‍ വിവിധ രാജ്യങ്ങള്‍ ഗവേഷണം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.
നേരത്തെ, ഹൈഡ്രോക്ലോറിക്കിന് കോവിഡിനെതിരെ മാജിക് മരുന്നായി ട്രംപ് അവതരിപ്പിച്ചിരുന്നു.