സമ്പദ്‌വ്യവസ്ഥ തുറന്നാല്‍ കുറേയധികം പേര്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന് സമ്മതിച്ച് ട്രംപ്

സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമ്പോഴും മാസ്‌ക്ക് ധരിക്കില്ലെന്ന് തന്നെയാണ് ട്രംപിന്റെ നിലപാട്. മാസ്‌ക് ധരിക്കില്ലെന്ന നേരത്തെയുള്ള അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുക തന്നെയാണ്.

സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം എടുത്തുകളയുകയും അടച്ചുപൂട്ടിയ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുകയും ചെയ്യുമ്പോള്‍ മരണസംഖ്യ വീണ്ടും ഉയരില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു.’ ചിലത് ഉണ്ടാവാന്‍ സാധ്യതയുണ്ട്’

നിങ്ങളെ ഒരു അപ്പാര്‍ട്ട്‌മെന്റിലോ വീട്ടിലോ മറ്റെവിടെയെങ്കിലോ പൂട്ടിയിടുകയില്ലെന്നും ഫാക്ടറി സന്ദര്‍ശനത്തിനിടെ ട്രംപ് പറഞ്ഞു. ഹരിസോണയിലെ ഫീനിക്‌സിലെ ഹണിവെല്‍ കമ്പനിയിലാണ് ട്രംപ് സന്ദര്‍ശനം നടത്തിയത്. ചില ആളുകളെ മോശമായി ബാധിക്കുമെന്ന് സമ്മതിച്ച ട്രംപ് രാജ്യം തുറന്നുകൊടുക്കണമെന്നും പറഞ്ഞു. യുഎസില്‍ ഇതിനോടകം കൊറോണബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതിനായിരത്തിന് മുകളിലെത്തിയിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിടുകയും ചെയ്തു.

SHARE