സംസ്ഥാനങ്ങളില്‍ സൈന്യത്തെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്; അനുമതിയില്ലാതെ കാലു കുത്തില്ലെന്ന് ഗവര്‍ണര്‍മാര്‍

വാഷിങ്ടണ്‍: പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആയില്ലെങ്കില്‍ അധികാരം ഉപയോഗിച്ച് സൈന്യത്തെ ഇറക്കേണ്ടി വരുമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഗവര്‍ണര്‍മാരുടെ അധികാര പരിധിയിലുള്ള സ്‌റ്റേറ്റുകളില്‍ നേരിട്ട് ഇടപെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. പൊലീസുകാരന്‍ കഴുത്തു ഞെരിച്ചു കൊന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന് നീതിയാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കു നേരെയാണ് ട്രംപിന്റെ ഭീഷണി.

‘ തദ്ദേശവാസികളുടെ ജീവിതത്തിനും സ്വത്തിനും ആവശ്യമായ സംരക്ഷണം നല്‍കാന്‍ ഒരു നഗരമോ സംസ്ഥാനമോ തയ്യാറായില്ലെങ്കില്‍ ഞാന്‍ വേഗത്തില്‍ യു.എസ് സൈന്യത്തെ വിന്യസിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും’ – എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

‘ഞാന്‍ നിങ്ങളുടെ, ക്രമസമാധാന പാലനത്തിന്റെ പ്രസിഡണ്ടാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ സുഹൃത്താണ്. രാജ്യത്തുടനീളം പടരുന്ന കലാപത്തെയും നിയമരാഹിത്യത്തെയും നമ്മള്‍ അവസാനിപ്പിക്കുകയാണ്. നമ്മള്‍ ഇപ്പോള്‍ അതവസാനിപ്പിക്കും’ – ട്രംപ് ഭീഷണിപ്പെടുത്തി.

പ്രസിഡണ്ടിന് രാജ്യത്ത് സൈന്യത്തെ വിന്യസിക്കാന്‍ അധികാരം നല്‍കുന്ന, രണ്ട് നൂറ്റാണ്ടു പഴക്കമുള്ള ഇന്‍സറക്ഷന്‍ ആക്ട് ഉപയോഗിക്കാനാണ് ട്രംപിന്റെ നീക്കം. എന്നാല്‍ പ്രസിഡണ്ടിന്റെ തീരുമാനത്തിനെതിരെ ഗവര്‍ണര്‍മാര്‍ രംഗത്തു വന്നു.

പ്രതിഷേധത്തില്‍ നിന്ന്

തന്റെ അനുമതിയില്ലാതെ സൈന്യം ഇല്ലിനോയ്‌സ് സംസ്ഥാനത്ത് കാലുകുത്തില്ലെന്ന് ഗവര്‍ണര്‍ ജെ.ബി പ്രിസ്‌കര്‍ പറഞ്ഞു. വിഷയത്തില്‍ ട്രംപിനെതിരെ ആദ്യമായി പ്രതികരിച്ച ഗര്‍ണറാണ് പ്രിസ്‌കര്‍. ഐക്യം വേണ്ട സമയത്ത് ട്രംപ് വിഭജനമാണ് ഉണ്ടാക്കുന്നത് എന്ന് നേവാദ ഗവര്‍ണര്‍ സ്റ്റീവ് സിസോലോക് കുറ്റപ്പെടുത്തി. ഭരിക്കാന്‍ ശേഷിയില്ല എന്ന് പ്രസിഡണ്ട് തുടര്‍ച്ചയായി തെളിച്ചു കൊണ്ടിരിക്കുകയാണ് എന്ന് വാഷിങ്ടണ്‍ ഗവര്‍ണര്‍ ജയ് ഇന്‍സ്‌ലീ പറഞ്ഞു.

ട്രംപുമായി ഇടഞ്ഞു നില്‍ക്കുന്ന ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കോമോ ന്യൂയോര്‍ക്ക് സിറ്റില്‍ നാഷണല്‍ ഗാര്‍ഡിനെ ഇതുവരെ വിന്യസിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ വരെ 23 സംസ്ഥാനങ്ങളാണ് പ്രതിഷേധങ്ങളെ നേരിടാന്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചിട്ടുള്ളത്.

അതിനിടെ, തുടര്‍ച്ചയായ ഏഴാം ദിവസവും യു.എസില്‍ അക്രമാസക്തമായ പ്രതിഷേധം ഇപ്പോഴും അരങ്ങേറുകയാണ്. നിരവധി സ്ഥലങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. നാല്‍പ്പതോളം നഗരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

SHARE