ട്രംപിന്റെ സന്ദര്‍ശനം കൊണ്ട് ഇന്ത്യക്ക് ഗുണമുണ്ടാവില്ലെന്ന് മുതിര്‍ന്ന ബിജെപി എംപി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചക്ക് വേണ്ടിയല്ല, മറിച്ച് അമേരിക്കക്ക് ലഭിക്കുന്ന ഗുണങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. നമ്മുടെയല്ല, അവരുടെ സമ്പത്ത് വ്യവസ്ഥയെ പരിപോഷിപ്പിക്കുക എന്നതാണ് ഈ സന്ദര്‍ശനം ലക്ഷ്യമിടുന്നത്. ചില പ്രതിരോധ ഉടമ്പടികള്‍ ഉണ്ടായേക്കാം, അതും അമേരിക്കക്കാണ് ഗുണം ചെയ്യുക. കാരണം, പ്രതിരോധ ഉപകരണങ്ങള്‍ നാം അവരില്‍ നിന്ന് പൈസ കൊടുത്ത് വാങ്ങുന്നതാണ്. ആരും വെറുതെ തരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യംവെച്ചാണ് ട്രംപിന്റെ ‘നമസ്‌തേ ട്രംപ്’ പരിപാടിയെന്ന ആരോപണവും ഉയരുന്നുണ്ട്. നേരത്തെ യുഎസില്‍ വെച്ച് നടത്തിയ ഹൗഡിമോദിയുടെ പുതിയ പതിപ്പാണിതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള നീക്കത്തിന് അമേരിക്കയില്‍ നി്ന്നു തന്നെ തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഇതുവരെ അനുകൂലമായ സൂചനകളൊന്നും കാണുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ‘പ്രതിരോധ സുരക്ഷാ രംഗങ്ങളിലെയും ബഹിരാകാശ ആണവ രംഗങ്ങളിലെയും സഹകരണം നേരത്തേയുള്ളതും തുടര്‍ന്നുപോകുന്നതുമാണ്. സന്ദര്‍ശനത്തില്‍ എന്തെങ്കിലും പുതിയ വ്യാപാരക്കരാറോ കയറ്റിറക്കുമതി ആനുകൂല്യം പുനഃസ്ഥാപിക്കലോ ഉണ്ടാവില്ല. ഇക്കാര്യത്തില്‍ നിഷേധാത്മക പ്രസ്താവനകള്‍ അമേരിക്ക നടത്തിക്കഴിഞ്ഞു’ മുതിര്‍ന്നനേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.

അതേസമയം, ഗുജറാത്തിലെ ചേരികള്‍ മറച്ചും വന്‍മതില്‍ പണിതും സമീപപ്രദേശത്തെ ചേരി നിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചും വന്‍തുക ചെലവഴിച്ചും നടത്തുന്ന ‘നമസ്‌തേ ട്രംപ്’ പരിപാടിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ഉയരുകയാണ്. വിവാദങ്ങളും വെല്ലുവിളികളുമുയരുമ്പോള്‍ മോദി സര്‍ക്കാറിന്റെ സ്ഥിരം അടവായ കണ്‍കെട്ട് പരിപാടിയുടെ ഭാഗമായുള്ള ആഘോഷം മാത്രമാണ് ‘നമസ്‌തേ ട്രംപ്’ എന്ന് പ്രമുഖര്‍ കുറ്റപ്പെടുത്തി. പരിപാടി സര്‍വാധിപത്യ രാഷ്ട്രീയത്തിന്റെ ഘോഷം മാത്രമാണെന്ന് ഗുജറാത്തിലെ 160ലേറെ വരുന്ന സാമൂഹികപ്രവര്‍ത്തകരും വിദ്യാഭ്യാസവിദഗ്ധരും കുറ്റപ്പെടുത്തി. മല്ലികാ സാരാഭായിയും ഐ.ഐ.എം., സെപ്റ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ അധ്യാപകരും അടക്കമുള്ളവരാണ് ‘നമസ്‌തേ ട്രംപിനെതിരെ തുറന്നകത്തില്‍ പ്രതിഷേധം വ്യക്തമാക്കിയത്.

അമേരിക്കന്‍ പ്രസിഡന്റെ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന പരിപാടിക്ക് പിന്നാലെ ‘ഗോ ബാക്ക് ട്രംപ്’ ട്വിറ്റര്‍ ട്രന്റായി. ‘നമസ്‌തേ ട്രംപ്’ പരിപാടിക്കും മോദിക്കും ട്രംപിനുമെതിരെ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ #GoBackTrump #WallOfDivision എന്നീ ഹാഷ് ടാഗുകളില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

കൊട്ടിഘോഷിച്ച് നടക്കുന്ന യു.എസ് പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മോദി സര്‍ക്കാറിന് തിരിച്ചടിയായി വ്യാപാര കരാറുകളില്‍നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം. ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയില്‍ എത്താനിരിക്കെയാണ് യു.എസിന്റെ അപ്രതീക്ഷിത പിന്മാറ്റം. തര്‍ക്ക വിഷയങ്ങളില്‍ രമ്യതയില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വ്യാപാര കരാറുകള്‍ ഒപ്പുവെച്ചേക്കില്ലെന്ന് കഴിഞ്ഞ ദിവസം സൂചനകള്‍ പുറത്തു വന്നിരുന്നു. ഇത് മറികടക്കാന്‍ മിനി കരാറെങ്കിലും ഒപ്പുവെക്കാനുള്ള ശ്രമങ്ങള്‍ ഇരു രാജ്യങ്ങളും തുടരുന്നതിനിടെയാണ് യു.എസിന്റെ സമ്പൂര്‍ണ പിന്മാറ്റം. ഇതോടെ കോടികള്‍ പൊടിച്ച് അമേരിക്കന്‍ പ്രസിഡണ്ടിന് വിരുന്നൊരുക്കുന്ന മോദി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കൊണ്ടുള്ള നേട്ടം ചോദ്യം ചെയ്ത് നേരത്തെതന്നെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വ്യാപാര കരാറുകള്‍ ഉയര്‍ത്തിക്കാട്ടി ഇതിനെ പ്രതിരോധിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യു.എസ് മാറുകയും ചെയ്യുമായിരുന്നു. എന്നാല്‍ പുതിയ നീക്കത്തോടെ ഇതെല്ലാം വെള്ളത്തിലായി. കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ഇന്ത്യയെ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

നവംബറില്‍ യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇതിനു മുമ്പ് ഇനി സമഗ്രമായൊരു വ്യാപാര കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാധ്യമാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം യു.എസുമായുള്ള വന്‍ പ്രതിരോധ ഇടപാടുകള്‍ക്ക് ഇന്ത്യ തയ്യാറെടുക്കുന്നതായാണ് വിവരം. ഇതുസംബന്ധിച്ച കരാറുകള്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ചേക്കുമെന്ന സൂചനയും ഇന്ത്യന്‍ വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. ഇതാവട്ടെ പൂര്‍ണമായും അമേരിക്കക്ക് ഗുണം ചെയ്യുന്നതാവുമെന്നാണ് സൂചന.
എച്ച് വണ്‍- ബി വിസാ പ്രശ്‌നം മോദി – ട്രംപ് കൂടിക്കാഴ്ചയില്‍ ഇന്ത്യ ഉന്നയിച്ചേക്കുമെന്നാണ് സൂചന. മതസ്വാതന്ത്ര്യം അടിസ്ഥാനമാക്കി പൗരത്വ വിഷയം ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന സൂചന യു.എസും നല്‍കിയിട്ടുണ്ട്.