ബീജിങ്: ഉത്തരകൊറിയന്‍ പ്രതിസന്ധി ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിയ അന്തരീക്ഷത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയിലെത്തി.
ആണവായുധ, മിസൈല്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയന്‍ ഭരണകൂടത്തെ എങ്ങനെ തളക്കണമെന്ന് അറിയാതെ ഉഴലുന്ന ട്രംപിന് ചൈനയില്‍ തന്നെയാണ് ഇപ്പോഴും പ്രതീക്ഷ. ഉത്തരകൊറിയയെ ഒറ്റപ്പെടുത്താന്‍ ചൈന കൂടുതല്‍ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണകൊറിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ബീജിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ട്രംപിന് ഉജ്വല സ്വീകരണമാണ് ഒരുക്കിയിരുന്നത്.
ചൈനയിലേക്ക് തിരിക്കുന്നതിനുമുമ്പ് നടത്തിയ പ്രസംഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ ട്രംപ് പ്രശംസയില്‍ മൂടിയിരുന്നു. ചുവന്ന പരവതാനി വിരിച്ച് സൈനിക വാദ്യങ്ങളുടെയും ചൈനീസ് പതാക വീശുന്ന കുട്ടികളുടെയും അകമ്പടിയോടെയാണ് ട്രംപിനെയും പത്നി മെലാനിയയേയും ചൈന സ്വീകരിച്ചത്. ലഘുഭക്ഷണത്തിനുശേഷം പഴയ ചൈനീസ് രാജാക്കന്മാരുടെ കൊട്ടാരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഫോര്‍ബിഡന്‍ സിറ്റി ട്രംപും മെലാനിയയും സന്ദര്‍ശിച്ചു. ഉത്തരകൊറിയന്‍ പ്രതിസന്ധി തന്നെയാണ് ട്രപും ജിന്‍പിങും ചര്‍ച്ചയിലെ പ്രധാന വിഷയം. ദക്ഷിണകൊറിയയുടെ തലസ്ഥാനമായ സോളില്‍ സംസാരിക്കവെ, നരകമെന്നാണ് ട്രംപ് ഉത്തരകൊറിയയെ വിശേഷിപ്പിച്ചിരുന്നത്. പ്രശ്നത്തില്‍ ചൈനയുടെ പിന്തുണ അമേരിക്കക്ക് ഏറെ പ്രധാനമാണ്. ഉത്തരകൊറിയയെ ശക്തമായ ഭാഷയില്‍ വെല്ലുവിളിക്കുന്നതോടൊപ്പം അവരുമായി ഒത്തുതീര്‍പ്പിനും ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഉത്തരകൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ഏക പ്രധാന സഖ്യകക്ഷിയുമാണ് ചൈന.