സുസജ്ജമായ സൈന്യമുണ്ട്; നിര്‍ണായക പ്രഖ്യാപനം ഉടനെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയുള്ള ഇറാന്റെ മിസൈലാക്രണത്തിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘എല്ലാം നല്ലതിനാണ്, ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം ഞങ്ങള്‍ക്കുണ്ടെന്ന്’ ട്രംപ് ട്വീറ്റ് ചെയ്തു.

സൈനിക താവളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണ്. ഇറാന്റെ തിരിച്ചടിയില്‍ ബുധനാഴ്ച രാവിലെ ഔദ്യോഗിക പ്രസ്താവന നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ മിസൈലാക്രമണം നടത്തിയതായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

പന്ത്രണ്ടോളം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാഖിലെ അല്‍ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരേ ഇറാന്റെ ആക്രമണമുണ്ടായത്. യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണനാനന്തര ചടങ്ങുകള്‍ നടന്നുവരുന്നതിനിടെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി. അമേരിക്കന്‍ സൈന്യത്തെയും പെന്റഗണെയും കഴിഞ്ഞദിവസം ഇറാന്‍ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

SHARE