ട്രംപിനെ സ്തുതിച്ചും അമേരിക്കന്‍ ഇന്റലിജന്‍സിനെ തൊഴിച്ചും പുടിന്‍

മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്തുതി പാടിയും യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളെ അധിക്ഷേപിച്ചും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. ട്രംപിന്റെ എതിരാളികളുടെ സ്വാധീന വലയത്തിലുള്ള വ്യാജ ചാരഭീതിയുടെ പിടിയിലാണ് അമേരിക്ക ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു. വഷളായ യു.എസ്-റഷ്യ ബന്ധം ഒരു ദിവസം വീണ്ടെടുക്കാന്‍ സാധിക്കുമെന്നും വാര്‍ഷിക പത്രസമ്മേളനത്തില്‍ സംസാരിക്കവെ പുടിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. നിഷേധിക്കാനാവാത്ത നേട്ടങ്ങളാണ് യു.എസ് പ്രസിഡന്റ് കൈവരിച്ചിരിക്കുന്നതെന്ന് പറഞ്ഞ് അദ്ദേഹം ട്രംപിനെ പുകഴ്ത്തി. ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഞാന്‍ ആളല്ല. വോട്ടര്‍മാരായ അമേരിക്കന്‍ ജനതയാണ് അത് ചെയ്യേണ്ടത്. എന്നാല്‍ കുറഞ്ഞ കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടെ ചില പ്രധാന നേട്ടങ്ങളുണ്ടാക്കാന്‍ ട്രംപിന് സാധിച്ചിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. ഉദാരഹണത്തിന് യു.എസ് മാര്‍ക്കറ്റുകളുടെ വളര്‍ച്ച നോക്കൂ. അമേരിക്കന്‍ സമ്പദ്ഘടനയില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നുവെന്നാണ് അതില്‍നിന്ന് മനസ്സിലാകുന്നത് -പുടിന്‍ പറഞ്ഞു. ട്രംപിന് അനുകൂലമായി അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ റഷ്യ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ‘അതെല്ലാം ട്രംപിനെ എതിര്‍ക്കുന്നവരുടെ കണ്ടെത്തലുകളാണ്. അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തിന് ആഘാതമേല്‍പ്പിക്കകയാണ് അവരുടെ ലക്ഷ്യം’-പുടിന്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ റഷ്യ ഇടപെട്ടുവെന്ന് യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയത്തിനിടമില്ലാതെ കണ്ടെത്തിയിട്ടുണ്ട്. ട്രംപിനും സംഘത്തിനും റഷ്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതേക്കുറിച്ച് യു.എസ് കോണ്‍ഗ്രസ് അന്വേഷണം തുടരുമ്പോഴാണ് ആരോപണങ്ങളെ ശരിവെക്കുന്ന വിധം ട്രംപിനെ ന്യായീകരിച്ച് പുടിന്‍ രംഗത്തെത്തിയിരിക്കുന്നത്.