അമേരിക്കയുടെ പിന്തുണയില്ലാതെ നിലനില്‍പ്പില്ല;യു.എസ് നല്‍കുന്ന സംരക്ഷണത്തിന് പശ്ചിമേഷ്യയോട് പണം ചോദിച്ച് ട്രംപ്

വാഷിങ്ടണ്‍: സിറിയയില്‍ യു.എസ് സേനയെ നിലനിര്‍ത്തി സംരക്ഷണം നല്‍കുന്നതിന് പശ്ചിമേഷ്യയിലെ സമ്പന്ന രാജ്യങ്ങള്‍ അമേരിക്കക്ക് പണം തരണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ പിന്തുണയില്ലാതെ ഈ രാജ്യങ്ങള്‍ക്ക് ഒരാഴ്ച പോലും നിലനില്‍ക്കാനാവില്ല. അമേരിക്കയുടെയും ഒരു പരിധി വരെ ഫ്രാന്‍സിന്റെയും സഹായമില്ലാതെ അവര്‍ക്ക് നിലനില്‍പ്പില്ല. ആ രാജ്യങ്ങളില്‍ പലതും വന്‍ സമ്പന്നരാണ്. ഞങ്ങള്‍ അവരെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇനി മുതല്‍ അവര്‍ അതിന് അമേരിക്കക്ക് പണം തരണം-ട്രംപ് വ്യക്തമാക്കി. ഏതെങ്കിലും രാജ്യങ്ങളെ അദ്ദേഹം പേരെടുത്ത് പറഞ്ഞില്ല.

സിറിയയില്‍നിന്ന് യു.എസ് സേനയെ പിന്‍വലിക്കുമെന്ന ആദ്യ നിലപാടില്‍നിന്ന് ട്രംപ് പിന്മാറുന്നതിന്റെ സൂചന കൂടിയാണ് പുതിയ പ്രസ്താവന. മേഖലയില്‍ ഇറാന്റെ സ്വാധീനം വളരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ സിറിയയിലെ അമേരിക്കന്‍ സൈനിക വിന്യാസത്തിന് ഖത്തറാണ് പണം നല്‍കേണ്ടതെന്ന് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. അമേരിക്ക സൈന്യത്തെ പിന്‍വലിച്ചാല്‍ ഖത്തര്‍ ഭരണകൂടം ഒരാഴ്ചക്കിടെ തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറില്‍ അമേരിക്കക്ക് സൈനിക താവളമുണ്ട്. 9000 യു.എസ് സൈനികരാണ് ഖത്തറിലുള്ളത്. ദോഹയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ 100 യുദ്ധവിമാനങ്ങളുമുണ്ട്. സിറിയയിലെ യു.എസ് സൈനിക വിന്യാസത്തിന് ട്രംപ് സഊദി അറേബ്യയില്‍നിന്ന് പണം ചോദിച്ചിരുന്നു.