ഇത് വീഴ്ച്ചയുടെ കണക്കാണ്; ‘ഓര്‍മ്മപ്പെടുത്തലുമായി ‘ട്രംപിന്റെ മരണ ഘടികാരം’

യുഎസിലെ പ്രധാന നഗരമായ ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ പുതിയതായി ഒരു ബില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ‘ട്രംപിന്റെ മരണ ഘടികാരം’ (ട്രംപ് ഡെത്ത് ക്ലോക്ക്) എന്നാണ് ക്ലോക്കിന്റെ പേര്. കോവിഡ് ബാധിച്ച് യു.എസില്‍ മരിച്ചവരുടെ എണ്ണമാണ് ഇതില്‍ തെളിയുന്നത്. എന്നാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമയാധിഷ്ഠിതമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്ന മരണങ്ങളാണ് ഇതില്‍ പ്രതിഫലിക്കുന്നത് എന്നാണ് ബില്‍ ബോര്‍ഡ് സൃഷ്ടിച്ചയാള്‍ പറയുന്നത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനിമാ സംവിധായകനായ യുഗീന ജറേക്കിയാണ് ക്ലോക്കിനു പിന്നില്‍. കോവിഡ് മഹാമാരിയില്‍ ആളൊഴിഞ്ഞ ടൈം സ്‌ക്വയര്‍ കെട്ടിടത്തിനു മുകളിലാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച വരെ പ്രസിഡന്റിന്റെ നിസംഗതയില്‍ 48,000 ലധികം പേര്‍ യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ക്ലോക്കില്‍ കാണിക്കുന്നത്.

ട്രംപ് ഭരണകൂടം നിര്‍ബന്ധിത സാമൂഹിക അകലവും സ്‌കൂള്‍ അടച്ചുപൂട്ടലും യഥാസമയം നടപ്പാക്കിയിരുന്നെങ്കില്‍ യുഎസിലെ കോവിഡ് മരണങ്ങളില്‍ 60 ശതമാനവും തടയാന്‍ കഴിയുമായിരുന്നു എന്ന സങ്കല്‍പ്പമാണ് ഒരോ മണിമുഴക്കത്തിലുമെന്നാണ് ജറേക്കി പറയുന്നത്.ദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള നേതൃത്വമാണ് നമുക്കാവശ്യം. വീണുപോയ സൈനികരുടെ സ്മാരകങ്ങളിലെ പേരുകള്‍ നമ്മെ യുദ്ധത്തിന്റെ വില ഓര്‍മിപ്പിക്കുന്നതു പോലെ കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കാന്‍ വൈകിയ ഒരു പ്രസിഡന്റു കാരണം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കണക്കാക്കുന്നത് ഒരു സുപ്രധാന പൊതുപ്രവര്‍ത്തനത്തിന് സഹായിക്കുമെന്നും ജറേക്കി പറഞ്ഞു.

SHARE