മഹാമാരിക്കിടെ ട്രംപിന്റെ പ്രതികാരം; ലോകാരോഗ്യ സംഘടനയ്ക്കുള്ള സഹായം നിര്‍ത്തലാക്കി

വാഷിങ്ടണ്‍: കോവിഡ് മഹാമാരി അതിവേഗം പടര്‍ന്നു പിടിക്കവെ, ആരോഗ്യ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കി അമേരിക്ക. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റേതാണ് തീരുമാനം.

നിലവിലെ പ്രതിസന്ധിക്കു കാരണം ലോകാരോഗ്യ സംഘടനയാണ് എന്ന് ട്രംപ് കുറ്റപ്പെടുത്തി. രണ്ടു മാസം മുതല്‍ മുതല്‍ മൂന്നു മാസം വരെയാണ് സഹായം നിര്‍ത്തിവച്ചത്. ചൈനയെ ലോകാരോഗ്യ സംഘടന അതിരുവിട്ടു സഹായിക്കുന്നുവെന്നും വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

ആഗോള മഹാമാരിക്ക് ഇടയിലുള്ള ട്രംപിന്റെ തീരുമാനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വൈറസിനെതിരെ പൊരുതുന്ന ലോകാരോഗ്യസംഘടനയുടെയും മറ്റു മാനുഷിക സംഘടനകളുടെയും വിഭവങ്ങള്‍ കുറയ്‌ക്കേണ്ട സമയമിതല്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. ‘ഞാന്‍ ഇത് നേരത്തെയും പറഞ്ഞിട്ടുണ്ട്. വൈറസിനെ ഇല്ലാതാക്കാന്‍ ഐക്യപ്പെടാനും അന്താരാഷ്ട്ര സമൂഹങ്ങളോട് ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കാനുള്ള സമയമാണിത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 2228 പേരാണ്. രോഗവ്യാപന തോത് ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടൊണ് ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തലാക്കിയെന്ന ട്രംപിന്റെ പ്രഖ്യാപനം. ചൈനയില്‍ രോഗം സ്ഥിരീകരിച്ചത് ലോകാരോഗ്യ സംഘടന മറച്ചുവെച്ചു. സംഘടന അതിന്റെ കടമ നിര്‍വഹിക്കേണ്ട സമയത്ത് ചൈനയെ പിന്തുണച്ചത് ശരിയല്ല. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്- ട്രംപ് അവകാശപ്പെട്ടു.

ചൈനയെ ലോകാരോഗ്യ സംഘടന കൂടുതല്‍ പിന്തുണക്കുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ ധനസഹായം നിര്‍ത്തലാക്കുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ആറ് ബില്യണ്‍ യു.എസ് ഡോളറിന്റെ ബജറ്റിലേക്ക് കഴിഞ്ഞ വര്‍ഷം യു.എസ് നല്‍കിയത് 553 മില്യണ്‍ ഡോളറാണ്. ധനസഹായം താല്‍ക്കാലികമായി ഇല്ലാതാക്കിയത് ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

SHARE