വാഷിംഗ്ടണ്‍: ഇന്ത്യ കോവിഡിനെതിരെ ഉപയോഗിക്കുന്ന മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കോവിഡിനെ തുരത്താന്‍ ഇന്ത്യ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോ ക്ലോറോക്വിന്‍ ആണ് ട്രംപ് മോദിയോട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യ ഇതിന് ഔദ്യോഗികമായി മറുപടി നല്‍കിയിരുന്നില്ല.
മലേറിയക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്ലോറോക്വിന്‍. ഈ മരുന്ന് കോവിഡ് രോഗികളില്‍ പരീക്ഷിച്ചതിനെ തുടര്‍ന്ന് വിജയിച്ചിരുന്നു. നിരവധി പേര്‍ക്ക് ഹൈഡ്രോക്ലോറോക്വിന്‍ വഴി കോവിഡ് സുഖപ്പെട്ടു. ഈ പശ്ചാതലത്തിലാണ് ട്രംപ് മോദിയോട് ഫോണിലൂടെ ഈ മരുന്ന് ആവശ്യപ്പെട്ടത്. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഈ മരുന്ന് കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിരോധനം നിലനില്‍ക്കുന്നുണ്ട്.
‘ഞായറാഴ്ച രാവിലെ ഞാന്‍ മോദിയുമായി ഫോണില്‍ ബന്ധപ്പെട്ടു. മരുന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇതുവരെ മരുന്ന് എത്തിയിട്ടില്ല. മരുന്ന് വിട്ടുതന്നതില്‍ അഭിനന്ദനം അറിയിക്കണമെന്നുണ്ടായിരുന്നു. മരുന്ന് തന്നില്ലെങ്കില്‍ പ്രശ്നമില്ല. പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരും. യുഎസുമായുള്ള ബന്ധത്തെ ബാധിക്കും. മരുന്ന് തരുന്നത് സംബന്ധിച്ച തീരുമാനം നരേന്ദ്രമോദിയുടേതാണെങ്കില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. എന്തായാലും തീരുമാനം അദ്ദേഹം പറയണc’- ട്രംപ് വൈറ്റഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തില്‍ ഇന്ന് ഇന്ത്യ നിലപാട് അറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മൊത്തം ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകളുടെ കണക്കെടുപ്പ് നടക്കുകയാണെന്നും സ്റ്റോക്ക് അറിഞ്ഞതിന് ശേഷം മാത്രമേ ഔദ്യോഗിക നിലപാട് അറിയിക്കൂവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസമാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മരുന്ന് നല്‍കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ട്രംപ് മരുന്ന് നല്‍കണമെന്ന് മോദിയോട് ഫോണില്‍ അപേക്ഷിച്ചത്. ഇന്ത്യയോട് മരുന്ന് ചോദിക്കുന്നതില്‍ നാണക്കേട് കരുതേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോവിഡിനെതിരെ പോരാടാന്‍ ഇന്ത്യയും യുഎസും ഒരുമിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ ഇന്ത്യക്ക് 2.9 മില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായവും അമേരിക്ക നല്‍കി. എന്നാല്‍, മരുന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ഇന്ത്യ മറുപടി നല്‍കാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്.