വാഷിങ്ടന്‍: ഹോങ്കോങ്ങില്‍, ദേശീയ സുരക്ഷാ നിയമം ചൈന ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യുഎസിലേക്ക് പ്രവേശിക്കുന്നത് നിരോധിക്കുന്നത് യുഎസ് ഭരണകൂടത്തിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.നിലവില്‍ രാജ്യത്തുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും വീസ റദ്ദാക്കാന്‍ യുഎസ് സര്‍ക്കാരിനെ അനുവദിച്ചേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ചൈനീസ് മിലിറ്ററി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലെ എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കും യുഎസിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും നിലവിലുണ്ട്. പദ്ധതിയുടെ വിശദാംശങ്ങള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അത് നിരസിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം, ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം ലംഘിച്ചതിന് ചൈനയെ ശിക്ഷിക്കുന്ന നിയമനിര്‍മ്മാണത്തിലും എക്സിക്യൂട്ടീവ് ഉത്തരവിലും ഒപ്പുവെച്ചതായി ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.