ഇറാനെതിരെ തുടര്‍ ആക്രമണത്തിനില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ തുടര്‍ ആക്രമണത്തിന് തത്കാലം അമേരിക്ക ഒരുങ്ങുന്നില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, യു.എസ് സൈന്യം എന്തിനും തയാറാണെന്നും ട്രംപ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇറാഖിലെ അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു അമേരിക്കക്കാരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ വക്കോളമെത്തിയ സംഘര്‍ഷത്തിന് അയവുവരുത്തുന്നതാണ് ട്രംപിന്റെ പ്രസ്താവന.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാന്‍. താന്‍ പ്രസിഡന്റായിരിക്കുന്ന കാലത്തോളം ആണവശക്തിയാകാന്‍ ഇറാനെ അനുവദിക്കില്ല. ഇറാനെതിരായ ഉപരോധം തുടരും. റഷ്യയും ചൈനയും ബ്രിട്ടനും ഇറാനുമായുള്ള കരാറുകള്‍ അവസാനിപ്പിക്കണം.

അമേരിക്കയ്ക്കും ലോകത്തിന് തന്നെയും ഭീഷണി ഉയര്‍ത്തിയ വ്യക്തിയാണ് കൊല്ലപ്പെട്ട ഖാസിം സുലൈമാനി. പ്രധാന ഭീകരനെയാണ് അമേരിക്ക ഇല്ലാതാക്കിയത്.

രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണം മുന്‍കൂട്ടി അറിഞ്ഞിരുന്നു. മുന്‍കരുതലെടുക്കാന്‍ സാധിച്ചതിനാലാണ് നാശനഷ്ടം ഇല്ലാതായതെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായാണ് ഇറാന്‍ അവകാശപ്പെട്ടത്. ആക്രമണം സ്ഥിരീകരിച്ചെങ്കിലും ആള്‍നാശമുണ്ടായ കാര്യം അമേരിക്ക തുടക്കംമുതല്‍ക്കേ നിഷേധിച്ചിരുന്നു.

SHARE