അണുനാശിനി പ്രയോഗം; മാധ്യമ പ്രവര്‍ത്തകരോട് തമാശ പറഞ്ഞതാണെന്ന് ട്രംപ്


വാഷിങ്ടണ്‍: അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യം താന്‍ തമാശയായി പറഞ്ഞതാണെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപിന്റെ അബദ്ധപ്രസ്താവന ലോകവ്യാപകമായി പരിഹാസത്തിനും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയതിനെ തുടര്‍ന്നാണ് ട്രംപ് വിശദീകരണവുമായി രംഗത്തെത്തിയത്.

എന്തായിരിക്കും പ്രതികരണം എന്നറിയാനായി ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് തമാശരൂപത്തില്‍ ഒരു ചോദ്യം ചോദിച്ചതായിരുന്നു, വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലെ തന്റെ പ്രസ്താവനയെക്കുറിച്ച് ട്രംപ് വിശദീകരിച്ചു.

അള്‍ട്ര വയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ടെന്നും വേനല്‍ക്കാലത്ത് വൈറസിന്റെ വ്യാപനം തടയുന്നത് എളുപ്പമാകുമെന്നാണ് കരുതുന്നതെന്നും യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ബ്രയാന്‍ സംസാരിച്ചതിനു ശേഷമാണ് ട്രംപ് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചത്.

വീര്യമേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അള്‍ട്ര വയലറ്റ് രശ്മികളോ അതിശക്തമായ പ്രകാശരശ്മികളോ ശരീരത്തിലേക്ക് വീര്യത്തോടെ കടത്തിവിട്ടാല്‍ മതിയാവും. ത്വക്കിലൂടെയോ മറ്റേതെങ്കിലും വഴിയിലൂടെയോ കിരണങ്ങള്‍ ഉള്ളില്‍ കടത്തി ശരീരത്തിനുള്ളിലെ വൈറസുകളെ ഇല്ലായ്മ ചെയ്യാനുള്ള പരീക്ഷണം ഗവേഷകര്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയായാല്‍ ഒരു മിനിറ്റുകൊണ്ട് കൊറോണയെ നശിപ്പിക്കാന്‍ കഴിയും. ഇതു തീര്‍ച്ചയായും വളരെ രസകരമായ കാര്യമാണ്. അത്തരത്തില്‍ പരീക്ഷണം നടക്കണം. ട്രംപ് ആവശ്യപ്പെട്ടു.

SHARE