ഒട്ടാവ: ഇറാനില്‍ അപകടത്തില്‍പെട്ട ഉക്രൈന്‍ വിമാനം മിസൈലിട്ട് വീഴ്ത്തിയതാണെന്നെതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇറാന്റെ ഉപരിതലത്തില്‍ നിന്ന് മിസൈല്‍ ഉപയോഗിച്ച് ഉക്രെയ്ന്‍ വിമാനം മിസൈല്‍ ആക്രമണത്തില്‍ വീണതായി രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും വിവരം ലഭിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഒട്ടാവയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് മനപൂര്‍വമല്ലാതിരിക്കാം എന്നാലും സംഭവത്തില്‍ വ്യക്തവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടു. വിമാനപകടത്തില്‍ കൊല്ലപ്പെട്ട 176 പേരില്‍ 63 പേര്‍ കനേഡിയക്കാരാണ്. 168 യാത്രക്കാരില്‍ മൂന്ന് ബ്രിട്ടിഷുകാരുമുണ്ട്.
കനേഡിയന്‍ പ്രധാനമന്ത്രിയുടെ സംശയം ബ്രിട്ടന്‍ നേതാക്കളും ആവര്‍ത്തിച്ചു. കാനഡയുമായും അന്താരാഷ്ട്ര തല സംഖ്യ രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരു സംശയം നിലവിലുണ്ടെന്നും സംഭവത്തില്‍ സുതാര്യവുമായ അന്വേഷണം ആവശ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനായി ബ്രിട്ടന്‍ എല്ലാതരത്തിലുള്ള അടിയന്തിര ഇടപടലിനും ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനില്‍ തകര്‍ന്നുവീണ യുക്രെയ്ന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ കൂടെ മിസൈലിന്റെ ഭാഗങ്ങളും കണ്ടെത്തിയെന്ന് ഊഹാപോഹങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പ്രചരിച്ചിരുന്നു. ചിലര്‍ മിസൈലിന്റെ ഭാഗങ്ങള്‍ കൂടി ചിത്രങ്ങള്‍ സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, വിമാനം വെടിവച്ചിട്ടതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ അറിയിച്ചു.
സാങ്കേതിക തകരാറുകള്‍ മൂലമാണ് അപകടമുണ്ടായതെന്നാണ് ഇറാന്‍ അറിയിച്ചത്. ഒരു എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്ന് പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഇറാന്‍ അധികൃതര്‍ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞത്. രാവിലെ 6.10 ന് ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം മിനിറ്റുകള്‍ക്ക് ശേഷം റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായി. ഈ വിമാനം തിങ്കളാഴ്ചയാണ് അവസാനമായി അറ്റകുറ്റപ്പണി നടത്തിയതെന്ന് എയര്‍ലൈന്‍ അറിയിച്ചു.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ബോയിംഗ് 737 ന്റെ തകരാറാണ് അപകടത്തിന് കാരണമെന്ന് ബുധനാഴ്ച തന്നെ കനേഡിയന്‍ സുരക്ഷാ വൃത്തങ്ങളും അറിയിച്ചിരുന്നു. ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് യുക്രെയ്‌നിയന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്.
എന്നാല്‍, വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് റെക്കോര്‍ഡറുകള്‍ പുറത്തുനിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറില്ലെന്നാണ് ഇറാനിലെ അധികൃതര്‍ അറിയിച്ചത്.
ഉക്രെയ്ന്‍ യാത്രാ വിമാനം ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചതാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇറാഖിലെ അമേരിക്കല്‍ സൈനിക താവളങ്ങില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ അതേസമയത്താണ് ഇറാനില്‍ വിമാനം തകര്‍ന്നു വീണത്.
ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കു പോവുകയായിരുന്ന വിമാനം, എയര്‍പോര്‍ട്ടില്‍ നിന്നു 45 കിലോമീറ്റര്‍ ദൂരെ പാടത്താണ് തകര്‍ന്നു വീണത്. മരിച്ച 176 പേരില്‍ 81 സ്ത്രീകളും 15 കുട്ടികളും 9 ജീവനക്കാരും ഉള്‍പ്പെടുന്നു. ഇവര്‍ ഇറാന്‍, കാനഡ, യുക്രെയ്ന്‍, സ്വീഡന്‍, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.