യുപിയില്‍ ബസ് കാത്തുനിന്ന ബാലിക ട്രക്ക് ഇടിച്ച് മരിച്ചു

മെയ്ന്‍പുരി: നാട്ടിലേക്കുപോകാന്‍ ബസ് കാത്തുനിന്ന ആറുവയസുകാരി ട്രക്ക് ഇടിച്ച് മരിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നു അറിയിച്ച ബസ് കാത്തുനിന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.

സ്വദേശമായ സിതാപുര്‍ ജില്ലയിലേക്ക് പോകാന്‍ മാതാപിതാക്കള്‍ക്കൊപ്പം ബസ് കാത്തുന്ന ആറുവയസുകാരിയാണ് അപകടത്തില്‍ മരിച്ചത്. ഹരിയാനയില്‍നിന്നാണ് ഇവര്‍ യുപി അതിര്‍ത്തിയായ മെയ്ന്‍പുരിയില്‍ എത്തിയത്. ഹരിയാനയില്‍ ട്രക്കിലാണ് ഇവര്‍ ഇവിടെവരെ എത്തിച്ചേര്‍ന്നത്. അതിര്‍ത്തിയില്‍വച്ച് ട്രക്ക് തടഞ്ഞ് പരിശോധന നടത്തിയ പോലീസ് ഇവരെ ഇവിടെ ഇറക്കുകയായിരുന്നു.

നാട്ടിലേക്കുപോകാന്‍ സര്‍ക്കാര്‍ തയാറാക്കിയ ബസുകള്‍ ഉടനെ എത്തുമെന്നും പോലീസ് അറിയിച്ചു. കുടുംബം ബസ് കാത്ത് റോഡരുകില്‍ നില്‍ക്കുമ്പോള്‍ കല്ല് കയറ്റിവന്ന ട്രക്ക് ബാലികയെ പിന്നില്‍നിന്ന് ഇടിച്ചിടുകയായിരുന്നു. കുട്ടിയെ ഇടിച്ചുവീഴ്ത്തിയ ട്രക്ക് ചെക്ക്‌പോസ്റ്റിലെ ബാരിക്കേഡുകളും തകര്‍ത്ത് മുന്നോട്ടുപോയാണ് നിന്നത്.

SHARE