ഇറാഖില്‍ ഐ.എസിന്റെ കഥ കഴിഞ്ഞു

ബാഗ്ദാദ്: കടുത്ത പോരാട്ടത്തിനൊടുവില്‍ ഐ.എസ് തീവ്രവാ ദികള്‍ കൈവശം വച്ച അവസാന നഗരവും ഇറാഖ് സേന പിടിച്ചെടുത്തു. ഇതോടെ ഐ.എസ് തീവ്രവാദത്തിനെതിരെയുള്ള രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തിന് അന്ത്യം. ഇറാഖിലെ അതിര്‍ത്തി നഗരമായ രാവാ ആണ് സൈന്യം കീഴടക്കിയത്. ഐഎസ് ചെറുത്ത് നില്‍പ്പിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ഇറാഖിലും സമീപ രാജ്യമായ സിറിയയിലും 2014 മുതല്‍ ഐഎസ് തീവ്രവാദത്തിനെതിരെ പോരാട്ടം നടന്നു വരികയാണ്. രാവായില്‍ നിന്നു ഐഎസിനെ പൂര്‍ണമായും തുരത്തിയതായും പിടിച്ചെടുത്ത കെട്ടിടങ്ങളില്‍ രാജ്യത്തിന്റെ പതാക ഉയര്‍ത്തിയതായും ഇറാഖ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ അമീര്‍ റഷീദ് പോരാട്ടത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ മാസം ഒന്‍പതിന് സിറിയന്‍ അതിര്‍ത്തിയായ രാവാ പിടിച്ചെടുത്തതായി സൈന്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നഗരത്തിന്റെ ഒരു ഭാഗം ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ പ്രവിശ്യ പൂര്‍ണമായി കഴിഞ്ഞ ദിവസം സൈന്യം കിഴടക്കുകയായിരുന്നു. ഐഎസിനെ പൂര്‍ണമായി രാജ്യത്തു നിന്നു തുരത്താന്‍ സൈന്യം നിരീക്ഷണവും തിരച്ചിലും ശക്തമാക്കി.

നഗരങ്ങള്‍ പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസങ്ങളിലായി ഭീകരസംഘടനയായ ഐഎസിനു നിയന്ത്രണമുള്ള ഇറാഖിലെ അവസാന പട്ടണമായ അല്‍ ഖയിം ലക്ഷ്യമിട്ടായിരുന്നു സേനയുടെ പ്രവര്‍ത്തനം. ഇവിടെ നിന്നുമാണ് അവസാന പോരാട്ടത്തിലേക്ക് സേന തയാറെടുത്തത്. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റാവ, അല്‍ ഖയിം എന്നീ പട്ടങ്ങളിലായിരുന്നു സേനയുടെ മുന്നേറ്റം. സിറിയയിലേക്കുള്ള അതിര്‍ത്തി പാതകള്‍ അടച്ചതോടെ ഐഎസിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. ഒറ്റപ്പെട്ടു പോയ അവസ്ഥയിലായി ഐഎസ് കേന്ദ്രങ്ങള്‍. ഇതിനിടയില്‍ ദേറുല്‍ സോര്‍ നഗരവും സേന പിടിച്ചെടുത്തിരുന്നു. റാവയില്‍ നിന്ന് അതിര്‍ത്തിയിലെ മരുഭൂമിയിലേക്കു പലായനം ചെയ്ത ഐഎസ് ഭീകരരെ പിന്തുടരുകയാണ് സൈന്യം. സിറിയ-ഇറാഖ് അതിര്‍ത്തിയില്‍ കാവല്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സിറിയയില്‍ ഐഎസിന്റെ അവസാന താവളമായ അല്‍ബബു കമലിലും കഴിഞ്ഞ രണ്ടു ദിവസമായി കനത്ത പോരാട്ടം നടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അല്‍ബു കമല്‍ സൈന്യം പിടിച്ചെടുത്തെങ്കിലും തുരങ്കങ്ങളില്‍ ഒളിച്ചിരുന്ന ഭീകരര്‍ തിരിച്ചടിച്ചതോടെ സൈന്യം പിന്‍മാറി. ഒട്ടേറെ പ്രവിശ്യകള്‍ ഇറാഖിലും സിറിയയിലുമായി കീഴിലുണ്ടെന്നായിരുന്നു ഐ.എസ് തീവ്ര വാദികളുടെ അവകാശവവാദം. എന്നാല്‍ സിറിയയിലെ റാഖയും ഇറാഖിലെ മൊസൂളും ഉള്‍പ്പെടെ ഐ.എസിന്റെ ശക്തികേന്ദ്രങ്ങളെല്ലാം സൈന്യം തിരിച്ചുപിടിച്ചു. എഴുപത്തിയഞ്ച് ലക്ഷത്തോളം ജനങ്ങളെ ഐ.എസിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാനായതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.

SHARE