‘ഷാര്‍ജ സുല്‍ത്താന് അഭിനന്ദനം’; സുഷമാസ്വരാജിന്റെ കുമ്മനടിയെന്ന് സാമൂഹ്യമാധ്യമങ്ങള്‍

ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിക്ക് നന്ദി രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനെ ട്രോളി സാമൂഹ്യമാധ്യമങ്ങള്‍. സുഷമയുടെ ട്വിറ്ററിലെ പോസ്റ്റിന് താഴെ വന്‍വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഷാര്‍ജയിലെ വിവിധ ജയിലുകളിലായി കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് സുല്‍ത്താന്‍ അറിയിച്ചതിന് പിന്നാലെയാണ് സുഷമയുടെ ട്വീറ്റ്.

2

മുഖ്യമന്ത്രി പിണറായി വിജയന്‍ സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തടവുകാരെ മോചിപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയത്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയിരിക്കുകയാണ് ശൈഖ് സുല്‍ത്താന്‍. മലയാളികളെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിച്ച് ഇന്ത്യക്കാരെ മുഴുവനായി മോചിപ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു. പ്രഖ്യാപനം പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളിലടക്കം മുഖ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ഇതിനിടക്കാണ് മന്ത്രി സുഷമാസ്വരാജിന്റെ നന്ദി അറിയിച്ചുള്ള ട്വീറ്റ്. ഇത് മുഖ്യമന്ത്രിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞ് പിന്നീട് ട്വീറ്റിനു താഴെ കമന്റുകളുടെ പ്രവാഹമായിരുന്നു. സുഷമാ സ്വരാജ് കുമ്മനടിച്ചുവെന്നാണ് കൂടുതല്‍ പേരും പരിഹസിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലും പോസ്റ്റിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ കൊഴുക്കുകയാണ്.

SHARE