അന്ന് സെല്‍ഫി സ്വാര്‍ത്ഥതയുടെ രാഷ്ട്രീയമെന്ന് ചിന്ത; ഇന്ന് മുഖചിത്രം സെല്‍ഫിയാക്കി ‘ചങ്കിലെ ചൈന’

സെല്‍ഫിയെടുക്കുന്നത് സ്വാര്‍ത്ഥതയുടെ രാഷ്ട്രീയമാണെന്നായിരുന്നു മുമ്പ് സെല്‍ഫിയെക്കുറിച്ച് യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷ ചിന്ത ജെറോം പറഞ്ഞിരുന്നത്. മാസങ്ങള്‍ക്കു മുമ്പ് സെല്‍ഫിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ചിന്തയുടെ തന്നെ സെല്‍ഫികള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ മിന്നിമറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ പുസ്തകത്തിന്റെ മുഖചിത്രവും സെല്‍ഫിയാക്കിയിരിക്കുകയാണ് ചിന്ത. ചിന്തയുടെ രണ്ടാമത്തെ പുസ്തകമാണ് ‘ചങ്കിലെ ചൈന’. ചിന്ത പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പുതിയ പുസ്തകത്തെക്കുറിച്ച് ചിന്ത ജെറോം ഫേസ്ബുക്കിലൂടെ വിവരം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ചികിത്സക്കു ശേഷം മടങ്ങിയെത്തിയ സന്തോഷവും അതിനോടൊപ്പം തന്നെ തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചതുമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍ ഇതിനെ സ്വീകരിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തുവന്നിരുന്നു. കന്യാസ്ത്രീകളുടെ സമരമുള്‍പ്പെടെ സമകാലിക സ്ത്രീവിഷയങ്ങളില്‍ പോലും ചിന്ത ജെറോം പ്രതികരിച്ചിരുന്നില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അതുകൂടാതെ മറ്റൊരു വിമര്‍ശനം കൂടി എത്തിയിരിക്കുകയാണിപ്പോള്‍. ചങ്കിലെ ചൈനയുടെ മുഖചിത്രം തന്നെ സെല്‍ഫിയാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ഉയര്‍ന്നുവരുന്ന ആക്ഷേപം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രണ്ട് സന്തോഷങ്ങളാണ് പങ്കുവയ്ക്കാനുള്ളത്. ചികിത്സ കഴിഞ്ഞു കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മടങ്ങിയെത്തി എന്നതാണ് ആദ്യത്തേത്. പ്രളയത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ജനതയ്ക്ക് അദ്ദേഹത്തിന്റെ മടങ്ങിവരവ് നല്‍കുന്ന ഊര്‍ജം ചെറുതല്ല. രണ്ടാമത്തെ സന്തോഷം തികച്ചും വ്യെക്തിപരമായ ഒന്നാണ്. ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല ടീച്ചര്‍ക്ക് നല്‍കി പ്രകാശനം ചെയ്ത എന്റെ രണ്ടാമത്തെ പുസ്തകം ‘ചങ്കിലെ ചൈന’ പുറത്തിറങ്ങി എന്നതാണ് അത്. ചൈനയിലേക്ക് നടത്തിയ യാത്രയുടെ ഓര്‍മ്മ പുസ്തകമാണ് ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘ചങ്കിലെ ചൈന’.പ്രളയകാലത്തു കേരളത്തിന് കരുത്തായ യുവതയ്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു. തുറന്ന വായനയ്ക്കും വിമര്ശനങ്ങള്‍ക്കുമായി ‘ചങ്കിലെ ചൈന ‘ചിന്തയുടെ പുസ്തക ശാലകളിലും കേരളത്തിലെ മറ്റ് പ്രമുഖ പുസ്തകശാലകളിലും ലഭ്യമാണ്..

SHARE