തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളേജില്‍നിന്നു ചാടിപ്പോയ ആനാട് സ്വദേശിയാണ് മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ തുണിയുപയോഗിച്ച് തൂങ്ങുകയായിരുന്നു.

രാവിലെ 11.30 ഓടെയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കുകയായിരുന്നു.

കോവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന ഇയാള്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇന്നലെ മുങ്ങിയിരുന്നു. ആശുപത്രി വേഷത്തില്‍ത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് അടുത്തെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവര്‍ത്തകരെത്തി ദിശയുടെ വാഹനത്തില്‍ ഇയാളെ വീണ്ടും മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു. കടുത്ത മദ്യാസക്തിയുള്ള ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോമാണ് ഏറെ ദിവസങ്ങളായി ഇയാള്‍ക്കുണ്ടായിരുന്നത്.

SHARE