കൊച്ചി/തൃശൂര്‍: മകളുടെ ദാരുണാന്ത്യം വിശ്വസിക്കാനാകാതെ പകച്ച് നില്‍ക്കുകയാണ് കലൂര്‍ താണിപ്പള്ളി വീട്ടില്‍ ആന്റണിയും കുടുംബവും. നെട്ടൂര്‍ സ്വദേശിയായ യുവാവ് കാറില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി തൃശൂര്‍ മനക്കപ്പാറയിലെ തേയില തോട്ടത്തില്‍ തള്ളിയ ഇവ(ഗോപിക-17)യുടെ കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തിയെങ്കിലും രക്ഷിക്കാനായില്ലെന്ന് ഈ പിതാവ് തേങ്ങുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ചൊവ്വാഴ്ച രാത്രിയാണ് ആന്റണിയുടെ 17കാരിയായ മകളുടെ മൃതദേഹം കേരള-തമിഴ്‌നാട് അതിര്‍ത്തിയായ മലക്കപ്പാറയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ വരട്ടപ്പാറയിലെ കാപ്പി എസ്റ്റേറ്റില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി സഫറിനെ സ്ഥലത്തെത്തിച്ചാണ് ഇവയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി ഏറെ നാളായി മകളെ ശല്യപ്പെടുത്തിയിരുന്നെന്ന് ആന്റണി പറഞ്ഞു. യുവാവ് ശല്യം ചെയ്യുന്നതായി മകള്‍ തന്നോട് പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് താനും സുഹൃത്തും സഫറിനെ കണ്ട് താക്കീത് നല്‍കിയിരുന്നു. ഇനി ശല്യം ചെയ്യില്ലെന്ന് അവന്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ താന്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെ മേധാവി അവനുമായി സംസാരിച്ചപ്പോള്‍ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മകളെ ഈശോ ഭവന്‍ സ്‌കൂളില്‍ താന്‍ തന്നെയാണ് കൊണ്ടു ചെന്നാക്കിയിരുന്നത്. തിരിച്ച് കൂട്ടുകാരോടൊപ്പം വരുകയായിരുന്നു പതിവ്. ചൊവ്വാഴ്ച എന്തു പറഞ്ഞാണ് മകളെ സഫര്‍ കൊണ്ടുപോയതെന്ന് വ്യക്തമാകുന്നില്ല. ക്ലാസ് കഴിഞ്ഞ് അടുത്ത സ്‌റ്റോപ്പില്‍ നിന്ന് കയറികൊള്ളാമെന്ന് കൂട്ടുകാരികളോട് പറഞ്ഞാണ് മകള്‍ പോയത്. കൂട്ടുകാരിയുടെ പിറന്നാളാഘോഷത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
സമയം വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതിരപ്പള്ളി വഴി കാര്‍ കടന്നു പോയതായി കണ്ടെത്തി. കാറില്‍ യുവതിയും യുവാവും ഉണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. കാറിന്റെ നമ്പറും കിട്ടി. എന്നാല്‍, തമിഴ്‌നാട്ടിലെ വാല്‍പ്പാറ വാട്ടര്‍ഫാള്‍സ് ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ കാറില്‍ യുവതി ഉണ്ടായിരുന്നില്ല.
തമിഴ്‌നാട് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ കാറില്‍ രക്തക്കറ കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോളാണ് കൊലപാതകം വെളിപ്പെടുത്തിയത്. മലക്കപ്പാറയില്‍ കാട്ടില്‍ കൊന്നു തള്ളുകയായിരുന്നു എന്നായിരുന്നു മൊഴി. തമിഴ്‌നാട് പൊലീസ് തൃശൂരിലെ മലയ്ക്കപ്പാറ പൊലീസില്‍ വിവരം അറിയിക്കുകയും പിന്നാലെ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മലയ്ക്കപ്പാറയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ വരട്ട്പാറ കാപ്പി സ്റ്റേറ്റിലാണ് രാത്രി ഒന്നരയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ ആഴത്തിലുള്ള ഒട്ടേറെ മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വ്യക്തമായ ആസൂത്രണത്തോടെയാണ് സഫര്‍ഷാ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. എല്ലാം ഏറ്റുപറഞ്ഞ് അവസാനമായി പിരിയാമെന്ന് പറഞ്ഞാണ് കുട്ടിയെ കാറില്‍ കയറ്റിയത്. കാറില്‍ കത്തിയടക്കം കരുതിയാണ് എത്തിയത്.
കൊലപാതകത്തിന് ശേഷം പൊള്ളാച്ചിയിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. എട്ടു മാസമായി സഫര്‍ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയിരുന്നു. ഇതിനിടെ ഗള്‍ഫില്‍ പോവുകയും, തിരിച്ചെത്തിയതിന് ശേഷം വീണ്ടും പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു.