ഒന്നര വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞത് മാതാവ് തന്നെ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

തൃശൂര്‍: തൃശൂരില്‍ ഒന്നര വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞത് മാതാവ് തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. വാട്ടര്‍ അതോറിറ്റി ഒല്ലൂര്‍ സെക്ഷനിലെ ജീവനക്കാരിയും താഴത്തുവീട്ടില്‍ ബിനീഷ്‌കുമാറിന്റെ ഭാര്യയുമായ രമ്യയാണ് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് രമ്യക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായാഴ്ച രാത്രി 11.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം. വാതിലില്‍ തട്ടുന്ന ശബ്ദം കേട്ട് തുറന്നപോള്‍ ഒരാള്‍ തന്നെയും മകളെയും ബലമായി കിണറ്റില്‍ തള്ളിയിട്ടെന്നായിരുന്നു രമ്യയുടെ മൊഴി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

രമ്യയും ഭര്‍ത്താവ് ബിനീഷ്‌കുമാറും തമ്മില്‍ നിത്യവും വഴക്കിടാറുണ്ട്. സംഭവം നടന്ന രാത്രിയും ഇരുവരും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ രമ്യ മകളെയെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു. മോട്ടോര്‍ പൈപ്പില്‍ പിടിച്ചു നിന്ന രമ്യ അല്‍പനേരം കഴിഞ്ഞു പൈപ്പില്‍ പിടിച്ചു കയറി. മകളെ ഓര്‍ത്ത് വീണ്ടും ചാടി കുഞ്ഞിനെ വെള്ളത്തില്‍ തിരഞ്ഞെങ്കിലും ഇതു നിഷ്ഫലമായപ്പോള്‍ തിരികെ കയറി ഭര്‍ത്താവിനെ വിളിച്ചുവരുത്തി ഒരാള്‍ തന്നെയും കുഞ്ഞിനെയും കിണറ്റില്‍ തള്ളിയിട്ടുവെന്ന് പറയുകയായിരുന്നു.

SHARE