മോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയുടെ ശരീരത്തില്‍ കയറിപിടിച്ച്‌ കായികമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ ത്രിപുരയിലെ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി വിവാദത്തില്‍.

ത്രിപുരയില്‍ മോദി പങ്കെടുത്ത പൊതു ചടങ്ങിലാണ് കായികമന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിക്കെതിരേ പ്രതിഷേധവും ശക്തമായി.ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ വേദിയുടെ വലതുവശത്തായി നില്‍ക്കുകയായിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ മോശമായരീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു.

വനിതാമന്ത്രിയുടെ പിന്നില്‍നിന്ന് അവരുടെ ശരീരത്തില്‍ കയറിപിടിച്ച മനോജ് കാന്തി ദേബിനെതിരേ വനിതാമന്ത്രി ചെറുത്തുനില്‍പ്പ് നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. വേദിയില്‍ തിക്കോ തിരക്കോ ഇല്ലാതിരുന്നിട്ടും മന്ത്രി ബോധപൂര്‍വ്വം വനിതാമന്ത്രിയെ കയറിപിടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. മന്ത്രി മനോജ് കാന്തി ദേബിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.