ത്രിപുരയില്‍ സി.പി.എമ്മിന് അടിപതറുന്നു; ഭരണം നഷ്ടമായേക്കും

അഗര്‍ത്തല: രണ്ടു പതിറ്റാണ്ടിലേറെ ഭരിച്ച ത്രിപുരയും സി.പി.എമ്മിന് നഷ്ടമാവുകയാണെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍. 60 അംഗ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പു ഫലങ്ങളില്‍, ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി.ജെ.പി സി.പി.എം നയിക്കുന്ന ഇടതുപക്ഷത്തെ പിന്നിലാക്കിയിരിക്കുകയാണ്. 35 സീറ്റുകളില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയും ലീഡ് ചെയ്യുമ്പോള്‍ ഇടതു മുന്നണി 24 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അന്തിമ ഫലങ്ങളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കാമെങ്കിലും ശക്തിദുര്‍ഗമായ ത്രിപുരയിലെ ഈ ഫലങ്ങള്‍ സി.പി.എമ്മിന് കനത്ത ആഘാതമുണ്ടാക്കുന്നതാണ്.

മുന്‍ അസംബ്ലിയില്‍ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന ഘട്ടത്തില്‍ നിന്നാണ് ബി.ജെ.പി ത്രിപുരയില്‍ അവിശ്വസനീയമായ മുന്നേറ്റം കാഴ്ചവെക്കുന്നത്. 49 സീറ്റിന്റെ വ്യക്തമായ ഭൂരിപക്ഷവുമായി ഭരണം നടത്തിയിരുന്ന സി.പി.എമ്മിന് ഇത്തവണ 25 സീറ്റുകളെങ്കിലും നഷ്ടമായേക്കുമെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന. ബി.ജെ.പിയുടെ വളര്‍ച്ചക്കു കാരണം കോണ്‍ഗ്രസ് നേതാക്കളുടെ കൂറുമാറ്റമാണെന്ന് പ്രചരിപ്പിക്കുന്ന സി.പി.എം, സ്വന്തം വോട്ട്ബാങ്കിലുണ്ടായ ഈ വലിയ തിരിച്ചടിക്ക് ഉത്തരം തേടേണ്ടി വരും.

കഴിഞ്ഞ തെരഞ്ഞെടുപ്പ് നടക്കുന്ന 2013-ല്‍ ത്രിപുരയില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രം വോട്ടുവിഹിതമുണ്ടായിരുന്ന ബി.ജെ.പി, സി.പി.എം അണികളുടെ കൂടി പിന്തുണയോടെയാണ് വന്‍ വളര്‍ച്ചയുണ്ടാക്കിയത് എന്നു സൂചിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലം. നിര്‍ണായക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ടെന്ന സി.പി.എമ്മിന്റെ തീരുമാനവും ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണമായി. അതേസമയം, മുന്‍ അസംബ്ലിയില്‍ പത്ത് സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.