ത്രിപുരയില്‍ ബി.ജെ.പിയും സി.പി.എമ്മും നേര്‍ക്കുനേര്‍; തമ്പടിച്ച് ബി ജെ പി ദേശീയ നേതൃത്വം

അഗര്‍ത്തല: നിയമസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ത്രിപുരയില്‍ തമ്പടിച്ച് ബി ജെ പി ദേശീയ നേതൃത്വം. അമിത് ഷാ, അരുണ്‍ ജെയ്റ്റ്!ലി , നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് പിന്നാലെ യോഗി ആദിത്യനാഥും പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നു. വാഗ്ദനങ്ങള്‍ നല്കാതെയുള്ള പതിവ് പ്രചാരണവുമായി സി പി എം തുടരുമ്പോള്‍ മോഹന വാഗ്ദനങ്ങളോടെയാണ് ബി ജെപി കാംപെയിന്‍.

ചലോ പള്‍ട്ടി, അഥവാ , വരൂ മാറ്റമുണ്ടാക്കൂ ഇതാണ് ത്രിപുരയില്‍ ബി ജെ പി മുദ്രാവാക്യം. ആദിവാസി വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ ഇന്നലെ മുതല്‍ അമിത്ഷായുടെ റാലി തുടങ്ങി. ത്രിപുര വിഭജനം ആവശ്യപ്പെടുന്ന ഐ പി എഫ് ടി യുമായുള്ള സഖ്യം സിപിഎം പ്രചാരണ ആയുധമാക്കുന്നുണ്ട്. എന്നാല്‍ വിഭജനം അജണ്ടയിലില്ലെന്നായിരുന്നു മോഹന്‍പൂരിലെ റാലിയില്‍ അമിത്ഷായുടെ മറുപടി.

കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, പെണ്‍കുട്ടികള്‍ക്ക് ബിരുദം വരെ സൌജന്യ വിദ്യാഭ്യാസം തുടങ്ങി ആകര്‍ഷക വാഗ്ദാനങ്ങളോടെ പാര്‍ട്ടി തെരഞ്ഞെടുപ്പ് ദര്‍ശന രേഖയിറക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിലേതിന് സമാനമായ ഹിന്ദുത്വ പ്രാചാരണം വിലപ്പോവില്ലെന്നിരിക്കെ ത്രിപുരയില്‍ വികസന വിഷയങ്ങളാണ് ബി.ജെ.പി പ്രധാനമായും ആയുധമാക്കുന്നത്.

അതേ സമയം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കോടീശ്വരന്മാരുമാണെന്ന് റിപോര്‍ട്ട്. വിവിധ പാര്‍ട്ടികളില്‍ നിന്നായി ആകെ 297 പേരാണ് ത്രിപുരയില്‍ ജനവിധി തേടുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ബി.ജെ.പിയില്‍ നിന്നുമാണ്. ത്രിപുര ഇലക്ഷന്‍ വാച്ച് ഓഫ് ദി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സ്ഥാനാര്‍ത്ഥികളുടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള 22 പേരില്‍ 11 പേരും ബി.ജെ.പിക്കാരാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ നാല് പേര്‍ക്കും രണ്ട് സി.പി.എംകാര്‍ക്കും രണ്ട് ഐ.പി.എഫ്.ടിക്കാര്‍ക്കും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുമെതിരെ ക്രിമിനല്‍ കേസുണ്ട്. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ 35 പേര്‍ക്ക് ഒരു കോടിയിലേറെ വരുമാനമുണ്ട്. 35 പേരില്‍ 18 പേര്‍ ബി.ജെ.പി സ്ഥാനാര്‍ഥികളും ഒന്‍പത് കോണ്‍ഗ്രസുകാരും നാല് സി.പി.എംകാരും രണ്ട് ഐഎന്‍.പി.ടി സ്ഥാനാര്‍ഥികളും ഓരോ തൃണമൂല്‍, ഐ.പി.എഫ്.ടി സ്ഥാനാര്‍ഥികളും കോടിപതികളാണ്. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ വരുമാന കോളത്തില്‍ പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 18ാം തിയ്യതിയാണ് നടക്കുക.

SHARE