കാസര്‍ക്കോട്ട് നാലിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍


കാസര്‍ക്കോട്: ജില്ലയിലെ നാലിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കുറച്ചുകൂടി കടുപ്പിച്ചിരിക്കുകയാണ് ഇതോടെ ജില്ലാ ഭരണകൂടം. ഈ പ്രദേശങ്ങളിലെ ഓരോ മേഖലകള്‍ തിരിച്ച് പൊലീസിന്റെ കൃത്യമായ നിരീക്ഷണത്തിലായിരിക്കും. പ്രദേശവാസികള്‍ക്ക് പൊലീസുകാര്‍ തന്നെ വീട്ടില്‍ സാധനങ്ങള്‍ എത്തിച്ച് കൊടുക്കും. ആളുകളെ തീരെ പുറത്തിറക്കാത്ത വിധത്തിലാണ് നിയന്ത്രണങ്ങള്‍ കല്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണവുമുണ്ടാകും.

കാസര്‍ഗോഡ് അതിജീവനത്തിന്റെ പാതയിലാണെങ്കിലും സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുളിയാറിലെ രണ്ട് സ്ത്രീകള്‍ക്കും 17 കാരനായ തളങ്കര സ്വദേശിക്കുമാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രണ്ടാം ഘട്ടത്തില്‍ സമ്പര്‍ക്ക പട്ടികയിലെ 60 പേരുള്‍പെടെ 163 പേര്‍ക്ക് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളജിലെ കൊവിഡ് 19 ആശുപത്രിയില്‍ 13 രോഗബാധിതരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചും സംശയിച്ചും ആശുപത്രിയില്‍ കഴിയുന്ന 260 പേരുള്‍പ്പെടെ 10721 പേരാണ് ജില്ലയില്‍ നീരീക്ഷണത്തില്‍ ഉള്ളത്.