വിമാനത്താവളത്തില്‍ ഉറക്കം വില്ലനായി; വിസ റദ്ദാക്കി നാട്ടിലേക്ക് പുറപ്പെട്ട മലയാളിയുടെ യാത്ര മുടങ്ങി

ദുബൈ: വിസ റദ്ദാക്കി നാട്ടിലേക്ക് പുറപ്പെടാനായി മണിക്കൂറുകള്‍ക്ക് മുന്നേ വിമാനത്താവളത്തിലെത്തി, പക്ഷേ ഉറക്കം വില്ലനായത് കാരണം മലയാളിയുടെ യാത്രമുടങ്ങി. മുസഫയില്‍ സ്‌റ്റോര്‍ കീപ്പറായ തിരുവനന്തപുരം കാട്ടാക്കട അഹദ് മന്‍സിലില്‍ പി.ഷാജഹാനാ(53)ണ് തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്‌സ് ജംബോ വിമാനത്തിലെ യാത്ര മുടങ്ങി വിമാനത്താവളത്തില്‍ കുടുങ്ങിയത്.

തന്റെ ചെറിയ അശ്രദ്ധ വരുത്തിവച്ച വിനയോര്‍ത്ത് വിമാനത്താവളത്തിലെ കസേരയിലിരുന്ന് സമയം തള്ളിനീക്കുകയാണ് ഇദ്ദേഹം. ഇനി വരും ദിവസങ്ങളില്‍ ഏതെങ്കിലും വിമാനത്തില്‍ മാത്രമേ ഷാജഹാന് നാട്ടിലെത്താന്‍ സാധിക്കുള്ളു.

വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ചയാണ് കെഎംസിസി ഏര്‍പ്പെടുത്തിയ വിമാനത്തില്‍ ഷാജഹാന്‍ യാത്ര ഉറപ്പാക്കിയത്. ടാക്‌സി പിടിച്ച് കൃത്യസമയത്ത് തന്നെ ദുബൈ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍3 ലെത്തുകയും ചെയ്തു. ഉച്ചയ്ക്ക് 2ന് വിമാനത്തവളത്തില്‍ കോവിഡ് 19 റാപിഡ് പരിശോധന നടത്തി ചെക്ക് ഇന്‍ ചെയ്ത ശേഷം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വൈകിട്ട് നാലരയോടെ ഉറക്കത്തിലായി. വിമാനം ടെയ്ക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് അധികൃതര്‍ അദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഷാജഹാനെ കൂടാതെ വിമാനം പറന്നു.

നിരാശയോടെ വിമാനത്താവളത്തില്‍ തന്നെ നില്‍ക്കാനേ ഇദ്ദേഹത്തിന് സാധിച്ചുള്ളൂ. വിസ റദ്ദാക്കിയതിനാല്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ സാധിക്കുകയില്ല. ലഘു ഭക്ഷണം കഴിച്ച് വിമാനത്താവളത്തില്‍ കഴിയുന്ന ഷാജഹാന്‍ ഇന്ന് ഏതെങ്കിലും വിമാനത്തില്‍ നാട്ടിലേയ്ക്ക് പോകാനുള്ള ശ്രമം നടത്തുന്നുണ്ട്. ആറ് വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം കോവിഡ് പശ്ചാത്തലത്തില്‍ ജോലിയില്ലാത്തതിനാലാണ് നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.

SHARE