വിടപറഞ്ഞത് കുഷ്ഠ രോഗികളുടെ അത്താണിയായിരുന്നു ഫാത്തിമ ഹജ്ജുമ്മ

കോഴിക്കോട്: മാറാവ്യാധിക്കാര്‍ക്ക് അത്താണിയായിരുന്ന ഫാത്തിമ ഹജ്ജുമ്മക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അര നൂറ്റാണ്ടിലേറെ കാലം ചേവായൂര്‍ ത്വക്ക്‌രോഗാശുപത്രിയിലെ രോഗികളെ പരിചരിച്ച കൊണ്ടോട്ടി മൊറയൂര്‍ സ്വദേശിനിയാണ് ഇന്നലെ വിടപറഞ്ഞത്. കുഷ്ഠരോഗം ബാധിച്ച് വീടുകളില്‍ നിന്നും വര്‍ഷങ്ങളോളം ആവശ്യത്തിന് പരിചരണം പോലം ലഭിക്കാതെ ആശുപത്രിയില്‍ ദിനങ്ങള്‍ തള്ളി നീക്കുന്നവരുടെ എല്ലാമായിരുന്നു ഫാത്തിമ ഹജ്ജുമ്മ. ഭര്‍ത്താവിന്റെ സഹോദരിക്ക് കുഷ്ഠരോഗമുണ്ടായപ്പോള്‍ നിത്യ സന്ദര്‍ശകയായ ഫാത്തിമയുടെ ജീവിത ഗതിയില്‍ മാറ്റമുണ്ടാവുകായായിരുന്നു. സുമനസ്സുകളുടെ കാരുണ്യത്തില്‍ കഴിഞ്ഞു കൂടുന്ന രോഗികളുടെ രക്ഷിതാവായി പതുക്കെ മാറുകയായിരുന്നു. ആരുമില്ലാത്തവരുടെ എല്ലാമായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു.
മലപ്പുറം ജില്ലയിലെ മൊറയൂര്‍ ഒഴുകൂരില്‍ യാരത്ത് പറമ്പിലാണ് ഫാത്തിമയുടെ തറവാട്. വിവാഹം കഴിച്ചതോടെയാണ് കോഴിക്കോട് വട്ടാംപൊയിലിലെത്തിയത്. രോഗികള്‍ക്ക് അനുഗ്രഹമായി മാറിയ ഇവരുടെ പരിചരണം മിക്കവാറും ദിവസങ്ങളില്‍ ഉണ്ടാകുമായിരുന്നു. എത്ര തിരക്കുണ്ടായാലും വെള്ളിയാഴ്ചകളില്‍ ഫാത്തിമ താത്ത അവിടെ സന്ദര്‍ശിക്കുമായിരുന്നു. കുഷ്ഠരോഗാശുപത്രിയുമായി ബന്ധം കൂടുതല്‍ ദൃഢമായതോടെ അവര്‍ തന്റെ പരിചയത്തിലുള്ളവരോടെല്ലാം ഈ ആശുപത്രിയെ കുറിച്ചും അഗതി മന്ദിരത്തെ കുറിച്ചും അവിടങ്ങളിലെ അന്തേവാസികളെ കുറിച്ചും പറഞ്ഞു. കിട്ടാവുന്നവരില്‍ നിന്നെല്ലാം സഹായങ്ങള്‍ സ്വീകരിച്ച് ആശുപത്രിയിലേയും അഗതി മന്ദിരത്തിലേയും അന്തേവാസികള്‍ക്ക് എത്തിച്ചുകൊടുത്തു. ആശുപത്രിയില്‍ സഹായവുമായെത്തുന്ന പലരെയും ആശുപത്രി സൂപ്രണ്ട് ഹജ്ജുമ്മയുടെ വിസിറ്റിംഗ് കാര്‍ഡായിരുന്നു കൊടുത്തിരുന്നത്. അവരെ കണ്ടെത്തിയാണ് പലരും രോഗികള്‍ക്കുള്ള സഹായം കൈമാറിയിരുന്നത്. തുടര്‍ന്ന് ഹജ്ജുമ്മ സഹായങ്ങളുമായി തന്നെ കാത്തിരിക്കുന്ന അന്തേവാസികള്‍ക്കടുത്തെത്തുകയും ചെയ്യുമായിരുന്നു.
ആശുപത്രിയിലേയും അഗതി മന്ദിരത്തിലേയും അന്തേവാസികള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങളും പണവും ഭക്ഷണവും ഇവര്‍ വഴി എത്തിക്കാറുണ്ടായിരുന്നു. കുഷ്ഠരോഗം മാറിയിട്ടും വീട്ടുകാര്‍ ഏറ്റെടുക്കാത്തവര്‍ക്ക് വേണ്ടി എല്ലാ മാസവും രണ്ട് ചാക്ക് അരി എത്തിക്കാന്‍ ഹജ്ജുമ്മ ശ്രദ്ധിക്കുന്നത് വലിയ അനുഗ്രവുമായിരുന്നു. രോഗം മൂര്‍ച്ഛിച്ച് കാലുകള്‍ മുറിച്ചു മാറ്റിയവര്‍ക്ക് കൃത്രിമക്കാലുകള്‍ വെക്കാനുള്ള സഹായം, അസുഖ ബാധിതരായി ചികിത്സിക്കാന്‍ വഴിയില്ലാത്തവര്‍ക്ക് അതിനുള്ള മാര്‍ക്ഷങ്ങള്‍, ശസ്ത്രക്രിയ ചെയ്യാന്‍ പണമില്ലാതെ കുഴങ്ങിയവര്‍ക്ക് ധനസഹായത്തിനുള്ള വഴിയടയാളങ്ങള്‍ തുടങ്ങി എത്രയോ വലിയ സഹായങ്ങളാണ് ഫാത്തിമയുടെ ഇടപെടലിലൂടെ ചെയ്തത്. രോഗികള്‍ക്കെല്ലാം അവര്‍ ഫാത്തിമ താത്തയായിരുന്നു. അവരുടെ ഓരോ സന്ദര്‍ശനവും രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. ഫാത്തിമ താത്തയുടെ മരണം നൂറിലധികം വരുന്ന രോഗികളെ വീണ്ടും അനാഥരാക്കിയിരിക്കുകയാണ്.
ഫാത്തിമ ഹജ്ജുമ്മയുടെ നിശബ്ദ സേവനത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2011 ല്‍ എം.ഇ.എസ് യൂത്ത് വിങ്ങിന്റെ ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍ കാരുണ്യ പ്രതിഭാ പുരസ്‌കാരം, 2012 ല്‍ തന്റേടം ജെന്റര്‍ ഫെസ്റ്റില്‍ ആരോഗ്യ പരിരക്ഷക്കുള്ള മഹിളാ തിലകം അവാര്‍ഡ്, 2013 ല്‍ സാമൂഹിക നീതി വകുപ്പിന്റെ ജനസഭയുടെ ആദരം തുടങ്ങി നിരവധി അംഗീകാരങ്ങളും അവരെ തേടിയെത്തിയിരുന്നു. ഹജ്ജുമ്മ എന്നു വിളിക്കുമ്പോള്‍ നാട്ടുകാരുടെ മുന്നില്‍ പുഞ്ചിരി തൂകി കൈവീശാനും ആശുപത്രി കിടക്കയില്‍ ഫാത്തിമ താത്തയെ കാത്തിരിക്കുന്ന രോഗികള്‍ക്ക് സ്‌നേഹം ചൊരിയാനും ഇനി അവര്‍ ഉണ്ടാവുകയില്ല.

SHARE