ആദിവാസി യുവതി ബസ്സിനുള്ളില്‍ പ്രസവിച്ചു

കല്‍പ്പറ്റ: ആദിവാസി യുവതി കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പ്രസവിച്ചു. കാരാപ്പുഴ നെല്ലാറച്ചാല്‍ വില്ലൂന്നി കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിനകത്ത് പ്രസവിച്ചത്. കോഴിക്കോട്‌സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം.

രക്തസമ്മര്‍ദ്ദം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഈ മാസം ഒന്നാം തിയ്യതി മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ യുവതി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു കോഴിക്കോട് നിന്നും വയനാട്ടിലേക്ക് തിരിച്ചത്. ഭര്‍ത്താവ് ബിജുവും, അമ്മയും സഹോദരിയും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റില്‍ നിന്നും കയറിയ ഇവര്‍ പിന്‍സീറ്റിലായിരുന്നു യാത്ര ചെയ്തത്. യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട കവിത കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ഗാരേജിന് സമീപത്തെത്തിയപ്പോഴേക്കും പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ബസ്സില്‍ തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. അമ്മയും ആണ്‍കുഞ്ഞും ഇപ്പോള്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന് തൂക്കകുറവുള്ളതൊഴിച്ചാല്‍ മറ്റ് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍, ജില്ലാ കലക്ടര്‍ എസ് സുഹാസ് എന്നിവര്‍ ആസ്പത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും സന്ദര്‍ശിച്ചു. അടിയന്തര ധനസഹായമായി 5000 രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

SHARE