ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് ബോള്‍ട്ടിന്റെ കിടിലന്‍ ക്യാച്ച്

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ത്രസിപ്പിക്കുന്ന ക്യാച്ചുമായി ന്യൂസിലാന്റ് താരം ട്രെന്റ് ബോള്‍ട്ട്. ഇന്നലെ നടന്ന ബെംഗളൂരു-ഡല്‍ഹി മത്സരത്തിനിടെയാണ് ഐ.പി.എല്‍ ചരിത്രത്തിലെ മികച്ച ക്യാച്ചുകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച് ബോള്‍ട്ട് തന്റെ കയ്യിലൊതുക്കിയത്.

ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 11-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ക്യാച്ച് പിറന്നത്. ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹലി അടിച്ച പന്ത് ബൗണ്ടറി ലൈനിലേക്ക് ഉയര്‍ന്ന് പൊങ്ങി. പറന്നുയര്‍ന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരം ബോള്‍ട്ട് ഒറ്റക്കയ്യില്‍ പന്ത് കയ്യിലൊതുക്കി. വിശ്വസിക്കാനാവാതെ കോഹ്‌ലി ഒരു നിമിഷം ക്രീസില്‍ തന്നെ നിന്നു.

 

ബോള്‍ട്ടിന്റെ ക്യാച്ച് കണ്ട് ഗ്യാലറി മുഴുവന്‍ ഇരമ്പിയാര്‍ക്കുകയായിരുന്നു. ഡല്‍ഹി താരങ്ങളെല്ലാം തന്നെ ഓടിയെത്തി ബോള്‍ട്ടിനെ അഭിനന്ദിക്കുകയും ചെയ്തു. മത്സരത്തിലെ ഏറ്റവും മികച്ച ക്യാച്ചായും ഇത് തെരഞ്ഞെടുക്കപ്പെട്ടു.

ഇതിനു മുമ്പും ഒട്ടനവധി അവിസ്മരണീയ പ്രകടനങ്ങള്‍ കണ്ടിട്ടുള്ള വേദിയാണ് ഐ.പി.എല്‍. ലീഗിന്റെ ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ള ഒരുപാട് ക്യാച്ചുകളുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ ഏറ്റവും മികച്ചതെന്ന് തന്നെ പറയാവുന്ന ക്യാച്ചാണ് ട്രെന്റ് ബോള്‍ട്ട് നേടിയതെന്നാണ് വിലയിരുത്തല്‍.

SHARE