സര്‍ജിക്കല്‍ ഗ്ലൗസില്ല; പൂര്‍ണ്ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി, കുഞ്ഞ് മരിച്ചു

ആഗ്ര: പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് ഉത്തര്‍പ്രദേശിലെ ആശുപത്രി. ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഉടനെ യുവതിയുടെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്ര എത്മാദ്പൂര്‍ ബ്ലോക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റിലായിരുന്നു യുവതിക്ക് ചികിത്സ നിഷേധിച്ചത്. സര്‍ജിക്കല്‍ ഗ്ലൗസില്ലെന്ന കാരണം പറഞ്ഞാണ് യുവതിക്ക് ചികിത്സ നിഷേധിച്ചത്.

പ്രസവ വേദനയെ തുടര്‍ന്ന് ചവാലി സ്വദേശിയായ ഗദ്ദി ദേവിയും ഭര്‍ത്താവ് അനില്‍ കുമാറും തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിയത്. എന്നാല്‍ യുവതിയെ പരിശോധിച്ച നഴ്‌സ് ചികിത്സയൊന്നും ആവശ്യമില്ലെന്നും വീട്ടിലേക്ക് തിരിച്ചുപോയി പിറ്റേ ദിവസം വരാന്‍ ആവശ്യപ്പെടുകയും ചെയ്തതായി കുടുംബം പറയുന്നു.

ഭാര്യയെ അഡ്മിറ്റ് ചെയ്യണമെന്ന് അനില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സമയമത്രയും വേദനകൊണ്ട് പുളയുകയായിരുന്നു യുവതി. എന്നാല്‍ ആശുപത്രി അധികൃതര്‍ അഡ്മിറ്റ് ചെയ്യില്ലെന്ന നിലപാട് എടുത്തതോടെ അനില്‍ എത്മാദ്പൂരിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ സഹായത്തിനായി സമീപിച്ചു. എന്നാല്‍ ഇക്കാര്യമറിഞ്ഞ ആശുപത്രി അധികൃതര്‍ തന്നോടും ഭാര്യയോടും മോശമായി പെരുമാറുകയായിരുന്നെന്ന് അനില്‍ പറയുന്നു.

രാത്രി പതിനൊന്ന് മണിക്ക് അനിലിനോട് എവിടെയെങ്കിലും പോയി സര്‍ജിക്കല്‍ ഗ്ലൗസ് വാങ്ങിക്കൊണ്ടു വരണമെന്നും എന്നാല്‍ മാത്രമേ ചികിത്സ ആരംഭിക്കാന്‍ കഴിയൂവെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചതായും അനില്‍ പറയുന്നു. എന്നാല്‍ ഒരു മണിക്കൂറോളം ഗ്ലൗസിനായി അലഞ്ഞെങ്കിലും ലോക്ക് ഡൗണ്‍ കാരണം കടകള്‍ എല്ലാം അടച്ചതിനാല്‍ ഗ്ലൗസ് ലഭിച്ചില്ലെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

ചികിത്സ നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് അനിലും ഭാര്യയും വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശേഷം ബോധരഹിതയായ യുവതിയെ അനില്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് അവിടെ വെച്ച് നടത്തിയ സ്‌കാനിങ്ങില്‍ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ തന്നെ വെച്ച് മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്ത് എടുക്കുകയായിരുന്നു.

SHARE