സമീപ ജില്ലകളിലേക്ക് ഇനി പാസ് വേണ്ട; പുതിയ യാത്രാ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ


തിരുവനന്തപുരം: ജില്ലകള്‍ക്കുള്ളില്‍ ബസ് ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിച്ചും സമീപ ജില്ലകളിലേക്കു സ്വകാര്യ വാഹനത്തില്‍ യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ കുറച്ചും സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സമീപ ജില്ലകളിലേക്കുള്ള യാത്രയ്ക്കു പൊലീസിന്റെ പാസ് വേണ്ട; സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. യാത്രാസമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ മാത്രം. ദൂരദേശങ്ങളില്‍ നിന്നു വരുന്നവര്‍ക്കു രാത്രി ഏഴിനകം എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കില്‍ അധികസമയം അനുവദിക്കും. രാത്രി ഏഴിനും രാവിലെ ഏഴിനുമിടയില്‍ മറ്റു ജില്ലകളിലേക്കു പോകുന്നവര്‍ പൊലീസ് പാസ് വാങ്ങണമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ആവശ്യസേവന വിഭാഗക്കാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് മതി.

ഹോട്‌സ്‌പോട്ടുകളില്‍ യാത്ര ഉള്‍പ്പെടെ കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. കോവിഡ് കാലത്തേക്കു മാത്രമായി ബസ് ചാര്‍ജ് 50% കൂട്ടി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇളവു ലഭിക്കുന്ന വിഭാഗങ്ങളും അവരുടെ നിരക്കിന്റെ 50% അധികം നല്‍കണം. അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങള്‍ വൃത്തിയാക്കിയ ശേഷം നാളെ മുതല്‍ പ്രവര്‍ത്തിച്ചാല്‍ മതി.

ബസിലും ബോട്ടിലും യാത്ര പകുതി സീറ്റില്‍

-ബസ്, ജല ഗതാഗതത്തില്‍ മൊത്തം സീറ്റിന്റെ 50% യാത്രക്കാര്‍ മാത്രം. യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര അനുവദിക്കില്ല.

-കോവിഡ് ജോലികള്‍ ചെയ്യുന്നവര്‍ക്കും അവശ്യ സര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും യാത്രയ്ക്കു സമയപരിധിയില്ല.

-ഇലക്ട്രീഷ്യന്മാരും മറ്റു ടെക്‌നീഷ്യന്‍മാരും ട്രേഡ് ലൈസന്‍സിന്റെ പകര്‍പ്പു കരുതണം.

-സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങള്‍ക്കും ജോലി ആവശ്യങ്ങള്‍ക്കും യാത്ര ചെയ്യുന്നവര്‍ പൊലീസില്‍ നിന്നോ കലക്ടറേറില്‍ നിന്നോ അനുമതി വാങ്ങണം. അവശ്യ സര്‍വീസ് ജോലിക്കാര്‍ക്ക് ഇതു ബാധകമല്ല.

-ലോക്ഡൗണ്‍ മൂലം ഒറ്റപ്പെട്ടുപോയ വിദ്യാര്‍ഥികള്‍, ബന്ധുക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരാനും ജോലിസ്ഥലത്തു കുടുങ്ങിയവര്‍ക്കു മടങ്ങാനും അനുമതി നല്‍കും.

കാര്‍, ഓട്ടോ: കുടുംബമെങ്കില്‍ 3 പേര്‍

-ടാക്‌സി കാര്‍ ഉള്‍പ്പെടെയുള്ള നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ 2 പേരാകാം; കുടുംബമെങ്കില്‍ 3 പേര്‍.

  • ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കു പുറമേ ഒരാള്‍. കുടുംബമാണെങ്കില്‍ 3 പേര്‍.

-ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍. കുടുംബാംഗമാണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്ര.