ട്രംപിനെതിരെ ഭിന്നലിംഗക്കാരായ സൈനികര്‍ കോടതിയില്‍

അമേരിക്കന്‍ സൈന്യത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരെ സൈന്യത്തില്‍നിന്നുള്ള അഞ്ചു പേര്‍ നിയമനടപടിക്കൊരുങ്ങുന്നു. കര, വ്യോമ, തീരദേശ സേനകളില്‍നിന്നുള്ളവരാണ് ട്രംപിന്റെ വിലക്ക് തടയാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ട്രംപിനും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനുമെതിരെ ഇവര്‍ വാഷിങ്ടണ്‍ ഫെഡറല്‍ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഭിന്നലിംഗക്കാര്‍ക്ക് സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഉത്തരവിനുശേഷം ആയിരക്കണക്കിന് സൈനികര്‍ ഭിന്നലിംഗക്കാരാണെന്ന് സ്വയം സമ്മതിച്ച് രംഗത്തെത്തിയിരുന്നു. ട്രംപിന്റെ ഉത്തരവ് ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാക്കും. പതിനായിരത്തോളം ഭിന്നലിംഗക്കാരാണ് നിലവില്‍ അമേരിക്കന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്നത്.
ഭിന്നലിംഗക്കാരുടെ നിരന്തരമായ ആരോഗ്യ പ്രശ്‌നങ്ങളും മറ്റു തര്‍ക്കങ്ങളും സൈന്യത്തില്‍ അനുവദിക്കാനാവില്ലെന്നാണ് ട്രംപിന്റെ നിലപാട്. വിജയം മാത്രം ലക്ഷ്യമാക്കിയുള്ള സേനക്ക് അത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു. പ്രസിഡന്റിന്റെ ഉത്തരവ് നിമയമമാക്കി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല.

SHARE