കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നയാളെന്നാരോപിച്ച് ട്രാന്‍സ്‌ജെന്ററിന് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: വലിയതുറയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വേഷം മാറിവന്ന ആളെന്നാരോപിച്ച് ട്രാന്‍സ്‌ജെന്‍ഡറിന് ക്രൂര മര്‍ദനം. ഇവരുടെ വസ്ത്രങ്ങള്‍ നാട്ടുകാര്‍ വലിച്ചു കീറുകയും അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. യുവതിയെ കൂട്ടമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

തിരുവനന്തപുരം സ്വദേശിനിയാണെങ്കിലും നാഗര്‍കോവിലിലാണ് ഇവര്‍ ഏറെ നാളായി താമസിക്കുന്നത്. വീടോ വീട്ടുകാരോ ഇല്ലാത്ത ഇവര്‍ വലിയതുറ ബീച്ചില്‍ നടക്കവേയാണ് ഇവരെ ആള്‍ക്കൂട്ടം ക്രൂരമായ ആക്രമണത്തിനിരയാക്കിയത്.

സംഭവം അറിഞ്ഞു വലിയതുറ പൊലീസ് എത്തുമ്പോഴേക്കും ട്രാന്‍സ്ജന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനമേറ്റിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊാലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

പെണ്‍ വേഷം കെട്ടി കുട്ടികളെ പിടിക്കാന്‍ ഇറങ്ങിയ സംഘത്തിലെ അംഗമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ നാട്ടുകാര്‍ അതിലെ നമ്പറുകളിലേക്ക് വിളിച്ചതായും പൊലീസ് പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ഇല്ലാത്തതാണ് നാട്ടുകാരുടെ സംശയത്തിന് ഇടയാക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനു തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഇടപ്പെടുന്നില്ലായെന്നത് ഇനിയും ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

SHARE