കാത്തിരിപ്പിനു വിരാമം; ഫഹദിന്റെയും നസ്രിയയുടെയും ‘ട്രാന്‍സ്’ ഫെബ്രുവരി 14ന്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഫഹദ് ഫാസിലും അൻവർ റഷീദും ആദ്യമായി ഒന്നിക്കുന്ന ‘ട്രാൻസ്’. ഏറെ നാളായി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 14 വാലെന്റൈന്‍സ് ഡേയില്‍  ആണ് കാത്തിരിപ്പിനൊടുവില്‍ ചിത്രം തീയറ്ററുകളിലെത്തുന്നത്.

ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാൻസ്’. നവാഗതനായ വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന് കഥ തയ്യാറാക്കിയത്. അമല്‍ നീരദാണ് ഛായാഗ്രഹണം.
2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ആഗസ്ത് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്.

ബാംഗ്ലൂർ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്നതാണെന്ന് മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ട്രാൻസ് ഒരു ആന്തോളജി ചിത്രമല്ലെന്ന് സംവിധായകൻ അൻവർ റഷീദ് തന്നെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ വിജയചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.